ഒമാനിൽ പ്രാണികൾ നിറഞ്ഞ നിലയിൽ അരിച്ചാക്കുകൾ കണ്ടെത്തി. വടക്കൻ ബാത്തിന നഗരസഭാ അധികൃതരാണ് സുഹാർ വിലായത്തിൽ പ്രാണികൾ നിറഞ്ഞ അരിച്ചാക്കുകൾ പിടിച്ചെടുത്തത്. വാണിജ്യ സ്റ്റോറിൽ നടത്തിയ പരിശോധനയിലാണ് അധികൃതർ ഉപയോഗശൂന്യമായ 2,718 കിലോഗ്രാം അരി കണ്ടെടുത്തത്.
പ്രാണികൾ നിറഞ്ഞ അരി വീണ്ടും വൃത്തിയാക്കി പാക്ക് ചെയ്ത് വിൽപനയ്ക്ക് എത്തിക്കുന്നതിനുള്ള ശ്രമമാണ് നഗരസഭ അധികൃതർ തടഞ്ഞത്. സംഭവത്തിൽ പ്രതികൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിച്ചു.
ഇത്തരത്തിൽ കഴിഞ്ഞ ദിവസം ദാഖിലയ നഗരസഭയുടെ കീഴിൽ ഭക്ഷണ ശാലകളിൽ നടത്തിയ പരിശോധയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. 80 കിലോഗ്രാമിൽ അധികം ഉപയോഗശൂന്യമായ ഭക്ഷ്യ വസ്തുക്കൾ നഗരസഭ പിടിച്ചെടുത്തിരുന്നു.