യുഎഇയിൽ വിദ്വേഷ പ്രസംഗ വീഡിയോ വൈറലായതിന് പിന്നാലെ യുവതിക്ക് തടവും പിഴയും വിധിച്ച് കോടതി. അബുദാബി ക്രിമിനൽ കോടതി ഇന്നാണ് വിധി പ്രസ്താവിച്ചത്. അഞ്ച് വർഷം തടവും 5,00,000 ദിർഹം പിഴയുമാണ് ചുമത്തിയത്. വിദ്വേഷം ഉണർത്തുന്ന പ്രസംഗം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനാണ് ശിക്ഷ വിധിച്ചത്.
പ്രതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് മരവിപ്പിക്കുകയും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ നിന്ന് ശാശ്വതമായി വിലക്കുകയും ചെയ്തു. അഞ്ച് വർഷത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം പ്രതിയെ രാജ്യത്തുനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. കൂടാതെ കുറ്റകൃത്യം ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടുകെട്ടാനും വീഡിയോ പോസ്റ്റ് ചെയ്ത മൊബൈൽ ഫോണിൽ നിന്നും സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നും സംശയാസ്പദമായ വീഡിയോ നീക്കം ചെയ്യാനും ഉത്തരവിട്ടു.
പുരുഷന്മാരെയും വീട്ടുജോലിക്കാരെയും അധിക്ഷേപിക്കുന്ന വീഡിയോ വൈറലായതോടെയാണ് വിഷയം പബ്ലിക് പ്രോസിക്യൂഷന്റെ ശ്രദ്ധയിൽപ്പെട്ടത്. സോഷ്യൽ മീഡിയലൂടെ പ്രചരിക്കുന്ന വീഡിയോയെക്കുറിച്ച് അതോറിറ്റി ഉടൻ അന്വേഷണം ആരംഭിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയുമായിരുന്നു. വിവേചനത്തിനും വിദ്വേഷത്തിനും എതിരെ പോരാടുന്നതിനുള്ള ഡിക്രി-നിയമത്തിലെ ആർട്ടിക്കിൾ 7 പ്രകാരമാണ് ശിക്ഷ വിധിച്ചത്.