സമൂഹമാധ്യമങ്ങളിൽ ചാറ്റ് ചെയ്യുമ്പോൾ ചിലർ മെസ്സേജുകൾക്ക് പകരം സ്റ്റിക്കറുകൾ ഉപയോഗിക്കാറുണ്ട്. കാർട്ടൂൺ കഥാപാത്രങ്ങൾ, സിനിമാ താരങ്ങളുടെ കഥാപാത്രങ്ങൾ എന്നിവയാണ് കൂടുതലും സ്റ്റിക്കറുകളായി ഉപയോഗിക്കാറുള്ളത്. അത്തരത്തിൽ വാട്സ്ആപ്പ് പോലുള്ള സമൂഹമാധ്യമങ്ങളിൽ ഒമാനി, ഒമാനി ഇതര വ്യക്തികളുടെ ചിത്രങ്ങൾ അനുമതിയില്ലാതെ ഇമോജികളോ സ്റ്റിക്കറുകളോ ആക്കി ഉപയോഗിക്കുന്നവർക്ക് പിടി വീഴും. ഇവർ ശിക്ഷാനടിപടികൾക്ക് വിധേയമാകേണ്ടി വരും. ഇവർക്ക് കനത്ത പിഴയോ തടവോ ലഭിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. മാത്രമല്ല, ഇങ്ങനെ സ്റ്റിക്കറുകൾ ഉപയോഗിക്കുന്നവരുടെ സമൂഹമാധ്യമ അക്കൗണ്ട് താൽക്കാലികമായോ ശാശ്വതമായോ അടച്ചുപൂട്ടുകയും ചെയ്യും.
ആശയ വിനിമയത്തിന് വേണ്ടി ഉപയോഗിക്കുന്ന വാട്സ്ആപ്പിലൂടെ ഏത് തരം സ്റ്റിക്കറും സൃഷ്ടിക്കാനും ആപ് വഴി പങ്കിടാനും കഴിയും. ഒരു നിയന്ത്രണവും മാനദണ്ഡവും പാലിക്കാതെയാണ് ഇത്തരം സ്റ്റിക്കറുകൾ വാട്സ്ആപ് അനുവദിക്കുന്നത്. അടുത്തിടെയായി, സമൂഹ മാധ്യമങ്ങളിൽ ഇത്തരം സ്റ്റിക്കറുകൾ ഉപയോഗിച്ചുള്ള പോസ്റ്റുകൾ വർധിച്ചിട്ടുണ്ടെന്നാണ് ഒമാന്റെ നിരീക്ഷണം. ഇത്തരം പോസ്റ്റുകളിൽ ഒമാനി, ഒമാനി ഇതര വ്യക്തികളുടെ പരിഹാസ ഭാവങ്ങളുള്ള ചിത്രങ്ങളുമുണ്ട്. വ്യക്തികളുടെ സമ്മതമില്ലാതെ അവരുടെ പടങ്ങൾ ഉപയോഗിച്ചുള്ള സ്റ്റിക്കറുകൾ ഉണ്ടാക്കുന്നത് സ്വകാര്യ ജീവിതത്തിന്റെ വ്യക്തമായ നിയമ ലംഘനമായാണ് നിയമം കണക്കാക്കുന്നത്.
ഇത്തരത്തിൽ അനധികൃതമായി വ്യക്തികളുടെ ചിത്രങ്ങൾ സ്റ്റിക്കറുകളാക്കി ഉപയോഗിച്ചാൽ ഒരു വർഷത്തിൽ കുറയാത്തതും മൂന്ന് വർഷത്തിൽ കൂടാത്തതുമായ തടവും 1,000 റിയാലിൽ കുറയാത്തതോ 5,000ത്തിൽ കൂടാത്തതോ ആയ പിഴയോ ലഭിച്ചേക്കും. അതല്ലെങ്കിൽ ഇവ രണ്ടിൽ ഏതെങ്കിലും ഒന്നോ ലഭിച്ചേക്കാം. ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തിന്റെ പവിത്രത ലംഘിക്കുന്നതാണ് അവരുടെ സമ്മതമില്ലാതെ അവരുടെ ചിത്രങ്ങളും പോസ്റ്ററുകളും പ്രസിദ്ധീകരിക്കുന്നത്. മാത്രമല്ല, ഡിസൈനുകളോ ചിത്രങ്ങളോ പലപ്പോഴും അധാർമികമായിരിക്കുകയുമില്ല, എന്നാൽ അയാളുടെ വ്യക്തിത്വത്തെ ഹനിക്കുന്നതായിരിക്കും എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഒമാനിലെ അധികൃതർ ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചത്.