വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ മത്ര സൂഖിൽ ദേശീയ ക്യാമ്പയിന് തുടക്കമായി. ആരോഗ്യ മന്ത്രാലയം, നാർകോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ദേശീയ സമിതി മുഖേനയാണ് ക്യാമ്പയിൻ നടത്തുന്നത്. മത്ര വാലി ശൈഖ് അൽ മുൻതിർ അഹ്മദ് അൽ മർഹൂണിന്റെ മേൽനോട്ടത്തിൽ നടന്ന പരിപാടികളിൽ നിരവധിപേർ പങ്കെടുത്തു. ‘നമ്മൾ ഒരുമിച്ച് കൈകോർക്കുന്നു’എന്ന പ്രമേയത്തിന് കീഴിൽ മയക്കുമരുന്ന് ദുരുപയോഗത്തെയും ആസക്തിയെയും കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുന്നതിലാണ് ക്യാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
മദ്യം, മയക്കുമരുന്ന് പോലുള്ള എല്ലാവിധ ലഹരി വസ്തുക്കളുടെയും ഉപയോഗത്തിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ യുവാക്കളിലും വിദ്യാർഥികളിലും പരക്കെ കണ്ടുവരുന്ന ലഹരി വിപത്തിനെതിരെ സാംസ്കാരിക പ്രതിരോധമുണ്ടാക്കാനും ക്യാമ്പയിൻ ആഹ്വാനം ചെയ്തു.
അതേസമയം ലഹരി ഉപയോഗ ലക്ഷണങ്ങള്‍ കണ്ടെത്താനും അത് തടയാനുമുള്ള മാര്‍ഗ നിർദേശങ്ങൾ അടങ്ങിയ ബുക്ക്ലെറ്റുകളും ചടങ്ങിനോടനുബന്ധിച്ച് വിതരണം ചെയ്തു. കൂടാതെ ലഹരിവിരുദ്ധ കവിയരങ്ങും ചടങ്ങില്‍ അരങ്ങേറി. സാലം ഗമ്മാരി ഹമദ് ഹുദൈബി, സാലം ഹറമി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സൂഖിലെ വിവിധ ഇടങ്ങളില്‍ പുതുതായി സ്ഥാപിച്ച സ്ക്രീനിലൂടെ ക്യാമ്പയിനിന്റെ ലക്ഷ്യങ്ങൾ വിവരിക്കുന്ന സമഗ്രമായ ദൃശ്യ അവതരണവും നടന്നു.