ഒമാനിലെ ജല ഉപഭോഗം ഇനി കൂടുതൽ സ്മാർട്ട് ആവും. രാജ്യത്തെ ജലസേവന മേഖലയിൽ പ്രീപെയ്ഡ് വാട്ടർ മീറ്റർ സംവിധാനവുമായി `നാമ’. ജി.സി.സിയിൽത്തന്നെ ആദ്യത്തേതാണ് ഈ നൂതന സംവിധാനമെന്ന് കമ്പനി അവകാശപ്പെട്ടു. മികച്ച സാങ്കേതിക വിദ്യകൾ സ്വീകരിച്ച് മെച്ചപ്പെട്ട സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകാനുള്ള കമ്പനിയുടെ ശ്രമത്തിന്റെ ഭാഗമായാണ് പുതിയ സുപ്രധാന ചുവടുവെപ്പ്. പുതിയ മീറ്ററുകൾ ഉപയോഗിച്ച് മികച്ച ഉപഭോക്തൃ സേവനത്തിലേക്കുള്ള കമ്പനിയുടെ മുന്നേറ്റമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് നാമ വാട്ടർ സർവിസസിന്റെ സി.ഇ.ഒ ഖായിസ് അൽ സക്വാനി പറഞ്ഞു. ആദ്യം മസ്കത്ത് ഗവർണറേറ്റിൽ ആയിരിക്കും അത്യാധുനിക മീറ്ററുകൾ സ്ഥാപിക്കുന്നത്. പിന്നീട് മറ്റു ഗവർണറേറ്റുകളിലേക്കും സംവിധാനം വ്യാപിപ്പിക്കും.
മീറ്ററിന്റെ കാര്യക്ഷമത ഉറപ്പാക്കുന്നതിന് വേണ്ടി ഇതിനോടകം തന്നെ നിരവധി പരീക്ഷണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് സി.ഇ.ഒ വിശദീകരിച്ചു. പുതിയ സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്നതിനും പ്രാരംഭ ഘട്ടത്തിൽ എന്തെങ്കിലും വെല്ലുവിളികൾ ഉണ്ടായാൽ ഉചിതമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും കമ്പനിയിലെ ജീവനക്കാർക്ക് പരിശീലനവും നൽകിയിട്ടുണ്ട്. പ്രീപെയ്ഡ് വാട്ടർ മീറ്ററുകൾ ഐ.ഒ.ടി (ഇന്റർനെറ്റ് ഓഫ് തിസ്) സാങ്കേതികവിദ്യ ഉപയോഗിച്ചും ഉപഗ്രഹം വഴി കമ്പനിയുടെ സബ്സ്ക്രൈബർ സേവന സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്ന സ്മാർട്ട് സംവിധാനത്തിലൂടെയുമാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓരോ മണിക്കൂറിലും അപ്ഡേറ്റുകൾ അയക്കുന്നതിന് മീറ്ററുകളിൽ പ്രോഗ്രാം ചെയ്തിട്ടുണ്ട്. ഇതിലൂടെ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ്, അക്കൗണ്ടിലെ ബാക്കി തുക എന്നിവ ഉപഭോക്താക്കൾക്ക് നേരിട്ട് അറിയാൻ കഴിയും. കൂടാതെ മീറ്ററിന്റെ ഡിജിറ്റൽ സ്ക്രീനിലൂടെ ജല ഉപഭോഗത്തിന്റെ അളവ് മനസ്സിലാക്കാനും സാധിക്കും. ബാലൻസ് ക്രെഡിറ്റ് പരിശോധിക്കാനും ജല ഉപഭോഗം നിരീക്ഷിക്കാനും ഇതിലൂടെ കഴിയും. മൊബൈൽ ആപ് വഴിയോ ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയോ ക്രമീകരണങ്ങൾ മാറ്റുന്നതിലൂടെ പരമ്പരാഗത ബില്ലിങ് സംവിധാനത്തിലേക്ക് മടങ്ങാനും സാധിക്കും.
വരിക്കാർക്ക് മീറ്ററുകളിൽ അഞ്ച് മുതൽ 100 റിയാൽ വരെയും വാണിജ്യ കണക്ഷനുകൾക്ക് 10മുതൽ 500 റിയാൽ വരെയും തുകകൾക്ക് റീചാർജ് ചെയ്യാനാകും. കൂടാതെ ബാലൻസ് കുറവായ സാഹചര്യത്തിൽ സ്മാർട്ട് മീറ്റർ എസ്.എം.എസ് ഉപഭോക്താക്കൾക്ക് അലർട്ടുകൾ അയക്കുകയും ചെയ്യും. എന്നാൽ ബാലൻസ് ഇല്ലെങ്കിൽ മീറ്ററുകൾ വിച്ഛേദിക്കപ്പെടും. റീചാർജ് ചെയ്തതിന് ശേഷം സ്വയമേ പുനരാരംഭിക്കുന്നതിനായി മീറ്ററുകളിൽ പ്രോഗ്രാം ചെയ്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.