സുരക്ഷാ ഏജന്‍സികളുടെ പ്രവര്‍ത്തന സന്നദ്ധത ഉറപ്പാക്കാന്‍ ഒരുങ്ങി ഖത്തർ. ആഭ്യന്തര മന്ത്രാലയത്തിന്റെ ‘വത്തന്‍’ സുരക്ഷാ പരിശീലനത്തിന് നവംബര്‍ ആറിന് തുടക്കമാകും. നവംബര്‍ ആറ് മുതല്‍ എട്ട് വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് പരിശീലനം നടക്കുക. ആഭ്യന്തര മന്ത്രിയും ലഖ്‌വിയ കമാന്‍ഡറുമായ ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തിലായിരിക്കും പരിശീലനം നടക്കുന്നത്.
രാജ്യത്ത് നടക്കുന്ന വന്‍കിട കായിക പരിപാടികളിലെ സാധാരണവും അടിയന്തരവുമായ സാഹചര്യങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സുരക്ഷാ വകുപ്പുകളുടെ സന്നദ്ധത പരിശോധിക്കുകയാണ് വത്തന്‍ പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ എല്ലാ സൈനിക, സിവിലിയന്‍ ഏജന്‍സികളും പരിശീലനത്തില്‍ പങ്കെടുക്കുമെന്ന് ദുഹെയ്‌ലിലെ ലഖ് വിയ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അധികൃതര്‍ അറിയിച്ചു.
കൂടാതെ സൈനിക വകുപ്പുകള്‍ക്ക് പുറമെയാണ് 30 ലധികം സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, അതോറിറ്റികള്‍, സ്വകാര്യ സുരക്ഷാ-സേവന ഏജന്‍സികള്‍ എന്നിവയും പരിശീലനത്തില്‍ പങ്കെടുക്കും. അടിയന്തര കേസുകളില്‍ പ്രതികരണത്തിന്റെ വേഗത അളക്കുക, ചുമതലകളില്‍ സമഗ്രത ഉറപ്പാക്കാനും ജോലികള്‍ കൃത്യമായി നടപ്പാക്കാനും സൈനിക-സിവില്‍ അധികാരികളുമായുള്ള കൂട്ടായ സഹകരണം ശക്തിപ്പെടുത്തുക, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ മെക്കാനിസം സജീവമാക്കുക എന്നിവയെല്ലാമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.