കേരളം കാത്തിരുന്ന അന്താരാഷ്ട്ര തുറമുഖപദ്ധതി പ്രവർത്തനക്ഷമമാകുന്നു. വെള്ളിയാഴ്ചത്തെ ട്രയല്‍ റൺ പൂർത്തിയാകുന്നതോടെ തുറമുഖത്തേക്ക് കപ്പലുകൾ ഒഴുകിയെത്തും.വെള്ളിയാഴ്ച രാവിലെ10ന് തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ ആദ്യ കപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കും. മന്ത്രി വി എന്‍ വാസവന്‍, കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി സര്‍ബാനന്ദ സോനേവാല്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിക്കും.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കപ്പല്‍ കമ്പനിയായ മെര്‍സ്‌കിൻ്റെ സാന്‍ ഫെര്‍ണാണ്ടോ മദര്‍ഷിപ്പാണ് വെള്ളിയാഴ്ച വിഴിഞ്ഞം തീരത്തെത്തുന്നത്. ചൈനയിലെ സിയാമെന്‍ തുറമുഖത്ത് നിന്ന് പുറപ്പെട്ട 8,000 മുതല്‍ 9,000 ടിഇയു വരെ ശേഷിയുള്ള സാന്‍ ഫെര്‍ണാണ്ടോ കപ്പലില്‍ നിന്നുള്ള 2,000 കണ്ടെയ്‌നറുകള്‍ ട്രയല്‍ റണ്ണിൻ്റെ ഭാഗമായി വിഴിഞ്ഞത്ത് ഇറക്കും.
തുടർ ദിവസങ്ങളിൽ വാണിജ്യ കപ്പലുകള്‍,കണ്ടെയ്‌നര്‍ കപ്പലുകള്‍ എന്നിവയും വരും. ട്രയല്‍ ഓപ്പറേഷന്‍ രണ്ടു മുതല്‍ മൂന്നു മാസം വരെ തുടരും. ഇതോടെ തുറമുഖം വലിയ കപ്പലുകളുടെ പ്രവേശനത്തിന് സാക്ഷ്യം വഹിക്കും.
ലോകത്തെ മുന്‍നിര ഷിപ്പിങ് കമ്പനികള്‍ തുറമുഖത്ത് പ്രവർത്തനമാരംഭിക്കാനുളള തയ്യാറെടുപ്പിലാണ്. കമ്മീഷനിംഗ് കഴിയുന്നതോടെ കൂടുതൽ കമ്പനികൾ എത്തിച്ചേരും. മദര്‍ഷിപ്പുകള്‍ക്ക് അടുക്കാനാവുന്ന ഇന്ത്യയിലെ ഏക ട്രാന്‍സ്ഷിപ്പ്‌മെൻ്റ് തുറമുഖമെന്ന പ്രത്യേകതയാണ് വിഴിഞ്ഞത്തിന് തുണയാകുന്നത്.
നിലവില്‍ കൊളംബോ വഴി ഇന്ത്യയിലേക്ക് നടത്തിക്കൊണ്ടിരിക്കുന്ന ചരക്ക് നീക്കം ഇനി വിഴിഞ്ഞം വഴിയാക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. രാജ്യാന്തര കപ്പല്‍ പാതയില്‍ നിന്നും 10 നോട്ടിക്കല്‍ മൈല്‍ അടുത്ത് സ്ഥിതി ചെയ്യുന്നതും വിഴിഞ്ഞത്തിന് അനുകൂല ഘടകമാണ്.