ഐപിഎല്ലിനിടെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ കളിയാക്കിയ ആരാധകരെ നിയന്ത്രിക്കാൻ ശ്രമിച്ച് വിരാട് കോലി. ഇന്നലെ മുംബൈയിൽ നടന്ന മുംബൈ-ബംഗളൂരു മത്സരത്തിനിടെയാണ് ഹാർദിക്കിനെതിരെ ആരാധകരുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായത്. ഇതോടെ കോലി ഇടപെട്ടു. അധിക്ഷേപങ്ങളും പരിഹാസങ്ങളും അവസാനിപ്പിച്ച് ഹാർദിക്കിനൊപ്പം നിൽക്കണമെന്നാണ് കോലി ആവശ്യപ്പെട്ടത്.
12-ാം ഓവറിൽ ഹാർദിക് ബാറ്റുചെയ്യാൻ എത്തിയപ്പോഴാണ് കാണികളിൽ നിന്നും മോശം അനുഭവം ഉണ്ടായത്. ഗാലറിയിൽ നിന്ന് ഒരു സംഘം ഹാർദിക്കിനുനേരെ കൂവുകയും അധിക്ഷേപിക്കുകയും ചെയ്തു. ഈ സമയം ഫീൽഡിൽ നിൽക്കുകയായിരുന്ന കോലി ഇത് കേട്ടതോടെ ആരാധകരോട് ഈ പ്രവണത അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യക്കുവേണ്ടി കളിക്കുന്ന ഹാർദിക് ഈ തരത്തിലുള്ള ഒരു സമീപനം അർഹിക്കുന്നില്ലെന്ന് കോലി കാണികളോട് പറഞ്ഞത്.
അതോടൊപ്പം ഹാർദിക്കിനെ കയ്യടികളോടെ എതിരേറ്റ ഒരു സംഘത്തെ കോലി അഭിനന്ദിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോകൾ വലിയ തോതിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട്. ഐപിഎല്ലിന്റെ തുടക്കം മുതൽ തന്നെ ഗ്യാലറിയിൽ നിന്ന് ഹാർദിക്കിനെതിരെ കളിയാക്കലുകൾ ഉയരുന്നുണ്ട്.