ഗുസ്തി താരം വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും റെയിൽവേയിലെ ജോലി രാജിവെച്ചു. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായാണ് ഇരുവരും ജോലി രാജിവെച്ചതെന്നാണ് റിപ്പോർട്ട്. കോൺഗ്രസിൽ ചേരുന്നതിന് മുന്നോടിയായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇരുവരും എത്തിയിരുന്നു. എഐസിസി ആസ്ഥാനത്തെത്തിയാകും വിനേഷും ബജ്രംഗ് പുനിയയും പാർട്ടി അംഗത്വം സ്വീകരിക്കുക.
വിനേഷ് തന്നെയാണ് ജോലി രാജിവെച്ച കാര്യം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്. ‘ഇന്ത്യൻ റെയിൽവേയോട് ചേർന്നിരിക്കുന്ന എൻ്റെ ജീവിതത്തെ അതിൽ നിന്ന് വേർപ്പെടുത്താൻ ഞാൻ തീരുമാനിച്ചു. രാജിക്കത്ത് ബന്ധപ്പെട്ട റെയിൽവേ ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചു. രാജ്യത്തെ സേവിക്കാൻ അവസരം നൽകിയതിൽ ഇന്ത്യൻ റെയിൽവേ കുടുംബത്തോട് എന്നും ഞാൻ നന്ദിയുള്ളവളായിരിക്കും’ എന്നാണ് വിനേഷ് കുറിച്ചത്.
വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി വിനേഷ് മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം, ബജ്രംഗ് പുനിയ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ല. പ്രചരണ രംഗത്ത് ബജ്രംഗ് ഉണ്ടാകുമെന്നാണ് വിവരം.