നടൻ വിനായകന്റെ പൊലീസ് കേസുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. സമാനമായ രീതിയിൽ കണ്ണൂരിൽ പിഴ ചുമത്തിയതിനെ ചൊല്ലി പൊലീസും യുവാവും തമ്മിൽ നടുറോഡിൽ തർക്കമുണ്ടായ വിഷയവുമായി ചേര്‍ത്താണ് ഹരീഷ് പേരടി രംഗത്ത് വന്നത്. പാനൂർ ചൊക്ലിയിലെ സനൂപ് സിനിമ നടനല്ലെന്നും അദ്ദേഹം വെളുത്തിട്ടല്ലെന്നും അയാളുടെ ജാതി ആർക്കും അറിയില്ലെന്നുമാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചത്. പൊലീസിന്‍റെ ഐഡി ചോദിച്ചതിന്റെ പേരിൽ സിനിമാ നടനൊടൊപ്പം നിൽക്കുന്ന എല്ലാ പുരോഗമന രോമങ്ങളും സനൂപിനെ കണ്ടില്ലെന്ന് നടിയ്ക്കുകയാണ് ചെയ്തത്. മാത്രമല്ല, ഈ പ്രശ്നം പൊലീസ് നയവും തമ്മിലാണെന്നും ഹരീഷ് പേരടി കൂട്ടിച്ചേർത്തു.
ഹരീഷ് പേരടിയുടെ കുറിപ്പ്
‘പാനൂർ ചൊക്ലിയിലെ സനൂപ് സിനിമാ നടനല്ല. അയാൾ വെളുത്തിട്ടുമല്ല. അയാളുടെ ജാതി ആർക്കുമറിയില്ല. ഈ oct 10 ന് അയാൾ പോലിസിനോട് ഒരു ചോദ്യം ചോദിച്ചിരുന്നു. സീറ്റ് ബെൽറ്റ് ഇടാതെ നിങ്ങൾ എങ്ങിനെയാണ് പോലീസ് വാഹനത്തിൽ യാത്ര ചെയ്യുന്നത് എന്ന്. ഒട്ടും വൈകാതെ തന്നെ പോലീസ് കേസ്സുമെടുത്തു. ഇപ്പോഴിതാ പോലിസിന്റെ ID ചോദിച്ച സിനിമാ നടനൊടൊപ്പം നിൽക്കുന്ന എല്ലാ പുരോഗമന രോമങ്ങളും അന്ന് സനൂപിനെ കണ്ടില്ലെന്ന് നടിച്ചു. അടുത്ത ജൻമത്തിലെങ്കിലും ഒരു സിനിമാ നടനാവണം എന്ന് കേരളത്തിലെ ചെറുപ്പക്കാർ ആഗ്രഹിച്ചാൽ അത് സംസ്ഥാന പുരസ്കാരം കിട്ടാൻ വേണ്ടിയല്ല, മറിച്ച് മനുഷ്യാവകാശത്തിന് വേണ്ടിയാണെന്ന് കരുതിയാൽ മതി. പ്രശ്നം സർക്കാറും പോലീസ് നയവുമാണ്.
കണ്ണൂരിലെ സംഭവം
ഹെൽമറ്റ് ഇടാത്തതിന്റെ പേരിൽ പിഴ ചുമത്തിയ പൊലീസ് ഉദ്യോഗസ്ഥനോട് താങ്കൾ സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ലല്ലോ എന്ന് യുവാവ് തിരിച്ച് ചോദിച്ചതിന്‍റെ വീഡിയോ ആയിരുന്നു പുറത്ത് വന്നത്. എന്നാൽ പിഴയിട്ടതിൽ പ്രകോപിതനായി യുവാവ് ഉദ്യോഗസ്ഥന് നേരെ തട്ടിക്കയറിയെന്നായിരുന്നു പൊലീസിന്‍റെ വാദം. ചൊക്ലി സ്വദേശി സനൂപിനെതിരെയായിരുന്നു പൊലീസ് കേസെടുത്തത്.
സംഭവത്തെകുറിച്ച് സനൂപ് പറഞ്ഞത്
“മുക്കിൽപ്പീടികയിൽ നിന്ന് ചായ കുടിക്കുകയിരുന്നു ഞാനും സുഹൃത്ത് പ്രയാഗും. ആ സമയത്ത് അതുവഴി വന്ന പൊലീസുകാർ ഹെൽമെറ്റില്ലാത്തതിനാൽ ഫൈൻ അടക്കണം എന്ന് സുഹൃത്തിനോട് ആവശ്യപ്പെട്ടു. നിർത്തിയിട്ട വാഹനത്തിന് ഫൈൻ അടിക്കേണ്ട ആവശ്യമുണ്ടോ എന്ന എന്റെ ചോദ്യത്തിൽ പ്രകോപിതനായ എസ്ഐ 500 രൂപ ഫൈൻ ഇട്ടു. മാത്രമല്ല, എസ്ഐയെ ചോദ്യംചെയ്തതു കൊണ്ടാണ് ഈ ഫൈൻ ഇട്ടത് എന്നാണ് അയാൾ അപ്പോൾ പറഞ്ഞത്. അതിനു ശേഷം പൊലീസ് വാഹനം അവിടെ നിന്ന് പോവുകയും അൽപ സമയത്തിന് ശേഷം ചായപ്പീടികയ്ക്ക് സമീപം വീണ്ടും വരികയും ചെയ്തു.
എന്നാൽ ആ സമയത്ത് അവർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ഇത് നിയമപരമായി തെറ്റല്ലേ എന്ന് ഞാൻ ചോദിച്ചു. പൊതുജനങ്ങൾ മാത്രം നിയമം പാലിച്ചാൽ മതിയോ എന്ന് കൂടി ചോദിച്ചപ്പോൾ അയാൾ പ്രകോപിതനായി. എനിക്കെതിരെ പൊലീസ് വാഹനം തടഞ്ഞു എന്നും കൃത്യനിർവഹണത്തെ തടസപ്പെടുത്തി എന്നും ആരോപിച്ചു കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊതുജനങ്ങൾക്ക് ഒരു നിയമവും അധികാരികൾക്ക് മറ്റൊരു നിയമവും ആവുന്നതിലെ യുക്തിയില്ലായ്മയെ ചോദ്യം ചെയ്തതിനാണ് ഇത് ഉണ്ടായത്. പൊലീസിന്റെ അവകാശങ്ങളെ ദുർവിനിയോഗം ചെയ്യുകയാണ് അയാൾ ഭീഷണിയിലൂടെ ചെയ്തത്. തുടർന്ന് പൊലീസും ഞാനും തമ്മിലും അവിടെ കൂടി നിന്ന മറ്റു നാട്ടുകാരുമായും വാക്കുതർക്കം ഉണ്ടായി .ഇതാണ് യഥാർത്ഥത്തിൽ സംഭവിച്ചത് – സനൂപ് ഫേസ് ബുക്കില്‍ കുറിച്ചത്.