രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച വാണി ജയറാം വിടപറഞ്ഞു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് മൂന്നു തവണ ലഭിച്ച വാണി ജയറാം മലയാളം, തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി, തുടങ്ങി ഇരുപതോളം ഇന്ത്യൻ ഭാഷകളിൽ പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സ്വപ്നം എന്ന ചിത്രത്തിലൂടെ സലീൽ ചൗധരിയാണ് ആ സ്വരമാധുര്യം മലയാളത്തിന് സമ്മാനിച്ചത്.
തമിഴ്നാട്ടിലെ വെല്ലൂരിലായിരുന്നു ജനനം. കലൈവാണി എന്നായിരുന്നു യഥാർത്ഥ പേര്. ഹിന്ദി സിനിമയിൽ പാടി തുടങ്ങിയപ്പോൾ ഭർത്താവ് ജയരാമൻ്റെ പേര് കൂട്ടിച്ചേർത്ത് വാണി ജയറാം എന്നാക്കി.
ഇക്കണോമിക്സിൽ ബിരുദം നേടിയ വാണി എസ്ബിഐയിൽ ഉദ്യോഗസ്ഥയായി ജോലി ചെയ്തിട്ടുണ്ട്. മുംബൈ സ്വദേശിയും ഇൻഡോ ബൽജിയം ചേമ്പർ ഓഫ് കൊമേഴ്സ് എക്സിക്യുട്ടീവ് സെക്രട്ടറിയുമായിരുന്നു ഭർത്താവ് ജയരാമൻ.
2017ൽ പുലിമുരുകൻ എന്ന ചിത്രത്തിലെ ‘മാനത്തെ മാരിക്കുറുമ്പേ’ എന്ന പാട്ടിലൂടെ മലയാളികൾ അരനൂറ്റാണ്ട് മുൻപു വാണി മലയാളത്തിൽ പാടിയിരുന്ന അതേ സ്വരമാധുരി വീണ്ടും കേട്ടു. അതിനും ഏതാനും വർഷങ്ങൾക്ക് മുൻപ് ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ ‘പൂക്കൾ പനിനീർ പൂക്കൾ’, 1983 എന്ന ചിത്രത്തിലെ ‘ഓലഞ്ഞാലി കുരുവി’ എന്നീ പാട്ടുകളിലൂടെ മലയാള ചലച്ചിത്രസംഗീതലോകത്തേക്ക് ആ ശബ്ദസാന്നിധ്യം തിരിച്ചുവരവ് നടത്തി.
വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി, ആഷാഢമാസം, കരുണ ചെയ്യുവാൻ എന്തുതാമസം, മഞ്ചാടിക്കുന്നിൽ, ഒന്നാനാംകുന്നിന്മേൽ, നാടൻ പാട്ടിലെ മൈന, ധുംതനധും തനന ചിലങ്കേ, മാമലയിലെ പൂമരം പൂത്ത നാൾ, മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ, ഏതോ ജന്മ കൽപനയിൽ, പത്മതീർഥ കരയിൽ, കിളിയേ കിളി കിളിയേ, എൻ്റെ കൈയിൽ പൂത്തിരി തുടങ്ങി നൂറുകണക്കിന് മധുരഗാനങ്ങൾ വാണി ജയറാമിൻ്റെ ശബ്ദത്തിൽ അനശ്വരമായിത്തീർന്നു.
ഹിന്ദുസ്ഥാനി സംഗീത ഇതിഹാസങ്ങളായ മുഹമ്മദ് റഫി, കിഷോർ കുമാർ, മുകേഷ്, മന്നാഡേ തുടങ്ങിയവരോടൊപ്പമെല്ലാം യുഗ്മഗാനങ്ങൾ പാടി. എം.എസ്.വിശ്വനാഥൻ സംഗീതസംവിധാനം നിർവഹിച്ച അപൂർവരാഗങ്ങൾ എന്ന തമിഴ് ചിത്രത്തിലെയും കെ.വി.മഹാദേവൻ ഈണമിട്ട ശങ്കരാഭരണം, സ്വാതികിരണം എന്നീ തെലുങ്ക് ചിത്രങ്ങളിലെയും ഗാനങ്ങൾ വാണിയ്ക്ക് ദേശീയ പുരസ്കാരങ്ങൾ നേടിക്കൊടുത്തു. ഗുജറാത്ത്, ഒറീസ, തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായിക അവാർഡുകളും നേടി. ഓർമ്മകളിലേക്ക് പാടിമറഞ്ഞ മധുരവാണിക്ക് പ്രണാമം.