ജോലിക്കിടെ അക്രമിയുടെ കുത്തേറ്റു മരിച്ച ഡോക്ടർ വന്ദനയ്ക്ക് യാത്രാമൊഴിയേകി ജന്മനാട്. വൻ ജനാവലിയാണ് വന്ദനയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മുട്ടുചിറയിലെ വീട്ടിലേക്ക് എത്തിയത്. കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പിലാണ് ഡോ. വന്ദനയുടെ മൃതദേഹം സംസ്‌കരിച്ചത്. വീടിന് സമീപം, അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും ചിതയൊരുക്കിയതിന് തൊട്ടടുത്തായിട്ടാണ് വന്ദനയ്ക്ക് ചിതയൊരുക്കിയത്.
മന്ത്രി വി എൻ വാസവൻ, കേന്ദ്രമന്ത്രി വി മുരളീധരൻ, സ്പീക്കർ എഎൻ ഷംസീർ, തോമസ് ചാഴിക്കാടൻ എംപി, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് തുടങ്ങിയവർ സംസ്‌കാരചടങ്ങിൽ പങ്കെടുത്തു.
കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായിൽ (കാളിപറമ്പ്) കെ ജി മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ്. വന്ദനയുടെ അമ്മയുടെ സഹോദരന്റെ മകനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. രാവിലെ ആരോഗ്യമന്ത്രി വീണാ ജോർജ് മുട്ടുചിറയിലെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു. മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലേക്ക് എത്തിച്ച മൃതദേഹത്തിൽ ഇന്നലെ മുതൽ ആയിരക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. തിരക്ക് കണക്കിലെടുത്ത് കുറുപ്പന്തറ മുതൽ കടുത്തുരുത്തി വരെയുള്ള പ്രദേശങ്ങളിൽ പൊലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരുന്നു.