മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വക്കം പുരുഷോത്തമൻ അന്തരിച്ചു. 96 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.
അച്യുതമേനോൻ, നായനാർ, ഉമ്മൻചാണ്ടി മന്ത്രിസഭകളിൽ അംഗമായിരുന്നു. അഞ്ചു തവണ ആറ്റിങ്ങലിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു തവണ മന്ത്രിയായി. കൃഷി, തൊഴിൽ, ആരോഗ്യം, ധനകാര്യം, ടൂറിസം, എക്സൈസ് തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു. 1971 മുതൽ 1977 വരെ കൃഷി, തൊഴിൽ വകുപ്പുകളുടെ ചുമതല വഹിച്ചു. 1980 ജനുവരി മുതൽ 1981 ഒക്ടോബർ വരെ ആരോഗ്യം, ടൂറിസം വകുപ്പും, 2004 ൽ ധനകാര്യം, എക്സൈസ് വകുപ്പുകളുടെ മന്ത്രിയുമായി പ്രവർത്തിച്ചു.
ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്നു. ഉമ്മൻചാണ്ടി ചികിത്സയിൽ പോയപ്പോൾ, മുഖ്യമന്ത്രിയുടെ ചുമതലയും വഹിച്ചിട്ടുണ്ട്. രണ്ടു തവണ നിയമസഭ സ്പീക്കറുമായിട്ടുണ്ട്. 1982 ലും 2001 ലുമാണ് സ്പീക്കറായത്. രണ്ടു തവണ ആലപ്പുഴയിൽ നിന്നും എംപിയുമായിട്ടുണ്ട്.
1993 മുതൽ 1996 വരെ ആൻഡമാൻ നിക്കോബാർ ലഫ്റ്റനന്റ് ഗവർണറായിരുന്നു. കെപിസിസി വൈസ് പ്രസിഡന്റ്, കെപിസിസി ജനറൽ സെക്രട്ടറി, 25 വർഷം എഐസിസി അംഗം, ഡിസിസി പ്രസിഡന്റ് തുടങ്ങിയ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ താലൂക്കിലെ വക്കം ഗ്രാമത്തിൽ ഭാനു പണിക്കരുടേയും ഭവാനിയുടേയും മകനായി 1928 ഏപ്രിൽ 12 നായിരുന്നു ജനനം. 1946ൽ സ്റ്റുഡന്റ്സ് കോൺഗ്രസ് എന്ന വിദ്യാർത്ഥി സംഘടന വഴിയാണ് പൊതുരംഗ പ്രവേശനം. 1953-ൽ വക്കം ഗ്രാമ പഞ്ചായത്ത് അംഗമായി.