മലയാളത്തിന്റെ ഇമ്മിണി ബല്യ എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകൾക്ക് ഇന്ന് 29 വയസ്. പരമ്പരാഗത സാഹിത്യ വ്യവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ടാണ് ബഷീർ എന്ന എഴുത്തുകാരൻ വായനക്കാരന്റെ ഹൃദയത്തിൽ ചേക്കേറിയത്. തന്റേതായ ശൈലിയിൽ വായനക്കാരുടെ മനസിൽ ഇടം നേടിയ ബഷീർ പുതിയ ഒരു അഖ്യാന രീതി തന്നെയാണ് സാഹിത്യലോകത്തിന് സമ്മാനിച്ചത്.
1908 ജനുവരി 21 ന് കോട്ടയം ജില്ലയിലെ വൈക്കം തലയോലപ്പറമ്പിലാണ് ബഷീർ ജനിച്ചത്. തലയോലപ്പറമ്പിൽ നിന്നു ചെറുപ്പത്തിൽ തന്നെ നാടുവിട്ട ബഷീർ ജന്മനാടിന് വിലമതിക്കാനാവാത്ത സംഭാവനകളാണ് നൽകിയത്. മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമാണ് വൈക്കം മുഹമ്മദ് ബഷീർ. ബാല്യകാല സഖി, പാത്തുമ്മയുടെ ആട്, ന്റുപ്പൂപ്പായ്ക്കൊരു ആനേണ്ടാർന്ന്, ശബ്ദങ്ങൾ, പ്രേമലേഖനം, മതിലുകൾ തുടങ്ങി ബഷീറിന്റെ കൃതികളെല്ലാംതന്നെ വായനക്കാർക്ക് ഏറെ പ്രിയപ്പെട്ടതാണ്. മനുഷ്യന് മാത്രം അവകാശപ്പെട്ടതല്ല ഈ ഭൂമിയെന്ന് ബഷീർ തന്റെ കൃതികളിലൂടെ വിളിച്ചു പറഞ്ഞു.
1994 ജൂലൈ അഞ്ചിന് കോഴിക്കോട് ബേപ്പൂരിൽ വെച്ചാണ് മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്റ വിടപറഞ്ഞത്. ഫാത്തിമ ബീവിയാണ് അദ്ദേഹത്തിന്റെ ഭാര്യ. അനീസ്, ഷാഹിന എന്നിവരാണ് മക്കൾ. കഥകളുടെ സുൽത്താന്റെ 29-ാം ചരമ വാർഷിക ദിനാചരണം ബഷീറിന്റെ ജന്മനാടായ തലയോലപ്പറമ്പിൽ ഇന്ന് നടക്കും.