വാഷിംഗ്ടണിലെ കൊളറാഡോയിൽ വ്യോമസേന അക്കാദമിയിൽ നടന്ന ബിരുദ ദാന ചടങ്ങിനിടെ വേദിയിൽ കാൽതട്ടിവീണ് യു എസ് പ്രസിഡൻ്റ് ജോ ബൈഡൻ. ബിരുദദാന പ്രസംഗത്തിനുശേഷം പുതിയ ബാച്ചിലെ അംഗങ്ങളോട് സംസാരിച്ച് ഹസ്തദാനം നൽകി ഇരിപ്പിടത്തിലേക്ക് മടങ്ങുമ്പോഴാണ് ബൈഡൻ വീണത്.കമഴ്ന്നടിച്ചുളള വീഴ്ചയാണെങ്കിലും പരുക്കുകൾ ഇല്ലെന്നാണ് റിപ്പോർട്ടുകൾ.
ബൈഡൻ വീഴുന്നത് കണ്ട് ഓടിയെത്തിയ സുരക്ഷാസംഘം അദ്ദേഹത്തെ പിടിച്ചെഴുന്നേൽപ്പിച്ചു. എന്നാൽ ഭാവഭേദമില്ലാതെ എഴുന്നേറ്റ ബൈഡൻ കാൽ തട്ടിയതിന് കാരണം ചൂണ്ടിക്കാണിച്ച ശേഷം തമാശ പറഞ്ഞ് ഇരിപ്പിടത്തിലേക്കു നീങ്ങുകയായിരുന്നു.
വേദിയിലുണ്ടായിരുന്നവരെ സഹായിക്കാൻ ടെലി പ്രോംപ്റ്റർ വെച്ചിരുന്നു. ഇതുറിപ്പിക്കാൻ ഉപയോഗിച്ച ചെറിയ മണൽബാഗിൽ തട്ടിയാണ് പ്രസിഡൻ്റ് വീണതെന്നും അദ്ദേഹത്തിനു കുഴപ്പമില്ലെന്നും വൈറ്റ് ഹൗസ് കമ്യൂണിക്കേഷൻസ് ഡയറക്ടർ ബെൻ ലാബോൾട്ട് ട്വീറ്റ് ചെയ്തിട്ടുണ്ട്
അമേരിക്കയുടെ പ്രസിഡൻ്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് എണ്‍പതുകാരനായ ബൈഡന്‍. ഇതിനിടെ പ്രസിഡൻ്റ് വേദിയിൽ കാൽതട്ടി വീഴുന്നതിൻ്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായി.