അമേരിക്കൻ ഇന്‍ഷുറന്‍സ് കമ്പനിയായ സിഗ്ന വേൾഡ് വൈഡ് കമ്പനിക്കാണ് സൗദിയില്‍ പ്രവര്‍ത്തനാനുമതി. സൗദി സെൻട്രൽ ബാങ്കായ സാമയാണ് അനുമതി നൽകിയത്. ആദ്യമായാണ് ഒരു വിദേശ ഇൻഷുറൻസ് കമ്പനിക്ക് സൗദിയിൽ പ്രവർത്തനാനുമതി ലഭിക്കുന്നത്.
സൗദിയുടെ വിഷൻ 2030 പദ്ധതികളുടെ ഭാഗമായാണ് നീക്കം. വിദേശ നിക്ഷേപം ഉൾപ്പെടെ പുതിയ നയങ്ങൾ നടപ്പാക്കുകയാണ് സൗദി. സെൻട്രൽ ബാങ്കിന്റെ ദൗത്യങ്ങളുടെ ഭാഗമായാണ് സൗദി അറേബ്യയിൽ ഈ വിദേശ ഇൻഷുറൻസ് കമ്പനിക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയതെന്ന് സാമ സൂചിപ്പിച്ചു.
ഇൻഷുറൻസ് മേഖലയിൽ വിദേശ കമ്പനിയുടെ നേരിട്ടുള്ള നിക്ഷേപം സെൻട്രൽ ബാങ്കിന്റെ പരിധിയിലാണ് വരുന്നത്. ആരോഗ്യ ഇൻഷുറൻസ് രംഗത്ത് കൂടുതല്‍ മത്സരക്ഷമത, കൈമാറ്റം, സേവനങ്ങളുടെ ഗുണനിലവാരം എന്നിവ പുതിയ നയത്തിലൂടെ സാധ്യമാകുമെന്നാണ് വിലയിരുത്തല്‍.
ഇൻഷുറൻസ് മേഖലയുടെ സുസ്ഥിര വളർച്ചയ്ക്കും വിദേശകമ്പനികളുടെ പങ്കാളിത്തം വഴിതുറക്കമെന്ന് സൗദി സെന്‍ട്രല്‍ ബാങ്ക് സൂചിപ്പിച്ചു. സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആവിഷ്കരിച്ചതാണ് വിഷൻ 2030 പദ്ധതി..