ഹെവി വാഹനങ്ങൾക്ക് നിശ്ചയിച്ചിരിക്കുന്ന പരമാവധി ഭാരവും അളവും പ്രഖ്യാപിച്ച് യുഎഇ. ഊർജ്ജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയമാണ് ഇതു സംബന്ധിച്ച അളവും, നിയമം ലംഘിച്ചാലുള്ള പിഴ വിവരവും പുറത്തുവിട്ടത്. ഹെവി വാഹനങ്ങൾക്ക് നിശ്ചയിച്ചിരിക്കുന്ന ഭാരവും അളവും ലംഘിച്ചാൽ 15,000 ദിർഹം വരെയാകും പിഴ ചുമത്തും.
വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനും റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനുമാണ് പുതിയ നിയമം പാസാക്കിയതെന്ന് മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്റൂയി വ്യക്തമാക്കി. ഹെവി വാഹനങ്ങൾക്ക് അനുവദനീയമായ പരമാവധി ഭാരം ആക്സിലുകളുടെ എണ്ണം അനുസരിച്ച് വ്യത്യാസപ്പെടും.
രണ്ട് ആക്‌സിലുകളുള്ള ഭാരവാഹനങ്ങൾക്ക് 21 ടൺ വരെ ഭാരം കയറ്റാം. അതേസമയം മൂന്ന് ആക്‌സിലുള്ളവയ്ക്ക് 34 ടൺ വരെയും നാല് ആക്‌സിലുകളുള്ള വാഹനങ്ങൾക്ക് 45 ടൺ ഭാരവും അഞ്ച് ആക്‌സിലുകൾ 56 ടണ്ണും ആറ് ആക്‌സിലുകളുള്ള വാഹനങ്ങൾക്ക് 65 ടണ്ണും ഭാരം കയറ്റാം.
ഒറ്റ ഹെവി വാഹനത്തിൽ കയറ്റുന്ന ലോഡിന് 12.5 മീറ്റർ നീളവും 2.6 മീറ്റർ വീതിയും 4.6 മീറ്റർ ഉയരവും വരെ മാത്രമേ അളവുണ്ടാകാൻ പാടുള്ളൂ, ട്രക്ക് ഹെഡിനും സെമി-ട്രെയിലറിനും മൊത്തത്തിൽ 21 മീറ്റർ നീളവും 2.6 മീറ്റർ വീതിയും 4.6 മീറ്റർ ഉയരവും ഉണ്ടായിരിക്കണം. ട്രക്ക് ഹെഡ്, ട്രെയിലർ, സെമി-ട്രെയിലർ എന്നിവയ്ക്ക് 28 മീറ്റർ വരെ നീളവും 2.6 മീറ്റർ വീതിയും 4.6 മീറ്റർ ഉയരവും ഉണ്ടായിരിക്കും, കൂടാതെ ചെറിയ വാഹനങ്ങൾ കൊണ്ടുപോകുന്ന ഹെവി വാഹനത്തിന് 23 മീറ്റർ നീളവും 2.6 വീതിയും മാത്രമേ ഉണ്ടാകാൻ പാടുള്ളൂ.