യുഎഇ മഹാത്മാ ഗാന്ധിജിയുടെ ആശയങ്ങൾ ഉൾക്കൊള്ളുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ടെന്ന് യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക്ക് അൽ നഹ്യാൻ. അഹിംസയും സമാധാനത്തിലും സഹിഷ്ണുതയിലും ഊന്നിയ ഗാന്ധിയൻ ആശയങ്ങൾക്ക് യുഎഇയുടെ രാഷ്ട്രപിതാവായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ വിലകല്‍പ്പിച്ചിരുന്നതായും യുഎഇ സഹിഷ്ണുതാ മന്ത്രി പറയുന്നു.
ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ സ്ഥാപിച്ച മഹാത്മാ ഗാന്ധിയുടെ അർധകായ പ്രതിമ അനാവരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ ദേശക്കാർ, സംസ്കാരങ്ങൾ, മതങ്ങൾ എന്നിവ പരസ്പരം സഹവർത്തിത്വത്തോടെ കഴിയുന്ന രാജ്യമാണ് യുഎഇ. ആഗോള സമൂഹമായി യുഎഇ മാറിയതിന് പിന്നില്‍ ഗാന്ധിജിയുടെ വാക്കുകൾ പ്രചോദനമാക്കിയ ശൈഖ് സായിദിന്റെ സഹിഷ്ണുതാ മനോഭാവവും സഹവർത്തിത്വ കാഴ്ചപ്പാടും ആണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അച്ചടക്കവും സംസ്കാര സമ്പന്നവുമായ രാഷ്ട്രങ്ങളായി ഇന്ത്യയും യുഎഇയും മാറിയതിന് രാഷ്ട്ര പിതാക്കന്മാരായ മഹാത്മാ ഗാന്ധിയോടും ശൈഖ് സായിദിനോടും നാം കടപ്പെട്ടിരിക്കുന്നുവെന്ന് ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറും വ്യക്തമാക്കി. ഇരു നേതാക്കളും കൊണ്ടുവന്ന മാറ്റത്തിന്റെ പ്രകമ്പനങ്ങൾ കാലാതീതമാണെന്നും സഞ്ജയ് സുധീര്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് ഗാന്ധിജി എല്ലാ അർഥത്തിലും പിതാവാണ്. സുസ്ഥിരതയും ഗാന്ധി സന്ദേശമായിരുന്നെന്ന് കോൺസൽ ജനറൽ ഡോ. അമൻ പുരിയും സൂചിപ്പിച്ചു. വിവിധ രാജ്യങ്ങളിലെ കോൺസുലേറ്റ് പ്രതിനിധികൾ, പ്രവാസി സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഗാന്ധിയുടെ ഓർമകൾ ഓരോ നിമിഷവും നമ്മെ പ്രചോദിപ്പിക്കട്ടെയെന്ന വാക്കുകളാണ് ചടങ്ങില്‍ ഉയര്‍ന്നുകേട്ടത്.