ദമ്പതികൾക്ക് മൂന്ന് കുട്ടികൾ ആയാൽ സർക്കാർ ജോലിയും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കണമെന്ന ശുപാർശയുമായി ഉത്തരാഖണ്ഡിലെ ഏകീകൃത സിവിൽ കോഡ് കരട് തയ്യാറാക്കൽ സമിതി രംഗത്ത്. ബിജെപി സർക്കാർ നിയോഗിച്ച സമിതി തയ്യാറാക്കിയ കരട് റിപ്പോർട്ടിലാണ് പരാമർശം.
പെൺകുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയർത്താനും റിപ്പോർട്ടിൽ ശുപാർശയുണ്ട്. ലിവിങ് ടുഗതർ ബന്ധങ്ങൾ തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും കൃത്യമായ അറിയിപ്പ് വേണമെന്ന വ്യവസ്ഥകളും നിർദ്ദേശിക്കുന്നു.ജൂലൈ അവസാനത്തോടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്ന് അഞ്ചംഗ സമിതിയുടെ അധ്യക്ഷയും സുപ്രീം കോടതി മുൻ ജഡ്‌ജിയുമായ രഞ്‌ജന പ്രകാശ് ദേശായ് പറഞ്ഞു.
ജനസംഖ്യാ നിയന്ത്രണം ലക്ഷ്യമിട്ടാണ് സർക്കാർ ജോലി നിഷേധിക്കണമെന്ന നിർദേശമെന്നാണ് വിശദീകരണം. ഉത്തരാഖണ്ഡിൽ ബിജെപിക്ക് പിന്നാലെ കോൺഗ്രസിലെ വലിയൊരു വിഭാഗവും ഏകീകൃത സിവിൽ കോഡിന് അനുകൂലമാണെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ ജൂൺ 15ന് പുറപ്പെടുവിച്ച പ്രസ്‌താവനയിൽ കൂടുതലായി ഒന്നും പറയാനില്ലെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വം പറയുന്നത്. വിഷയത്തിൽ മൃദുഹിന്ദുത്വ നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന സൂചനകളാണ് പുറത്തുവരുന്നത്. വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കൻമാരും വെത്യസ്ത അഭിപ്രായങ്ങളാണ് രേഖപ്പെടുത്തുന്നത്.