സൌദി അബഹയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 21 ആയി. ബസിന് തീപിടിച്ചതാണ് മരണസംഖ്യ ഉയരാൻ കാരണം. രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 29 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.
ജിദ്ദ റൂട്ടിൽ അബഹക്കും മഹായിലിനും ഇടയിൽ ഷഹാർ അൽറാബത് എന്ന ചുരത്തിലാണ് ബസ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് കൈവരി തകർത്ത് കുഴിയിലേക്ക് മറിയുകയായിരുന്നു. അബഹയിൽ ഏഷ്യക്കാർ നടത്തുന്ന ‘ബറക്ക’ എന്ന ഉംറ ഏജൻസിക്ക് കീഴിൽ തീർഥാടനത്തിന് പുറപ്പെട്ടവരാണ് അപകടത്തിൽപെട്ടത്. 47യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്.
മരിച്ചവര്‍ എല്ലാം ഏഷ്യക്കാരാണെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.ബംഗ്ലാദേശിൽനിന്നുളള തീർത്ഥാടകരാണ് യാത്രക്കാരിലെ ഭൂരിപക്ഷവും. അതേസമയം തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. പരിക്കേറ്റവർ മഹായിൽ ജനറൽ ആശുപത്രി, അബഹയിലെ അസീർ ആശുപത്രി, അബഹ പ്രൈവറ്റ് ആശുപത്രി, സൗദി ജർമൻ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലാണ്.