ഗെയിം ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ ഗെയിമിനെ ഉപജീവനമാർഗമാക്കുന്നതിനേക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതെങ്ങനെ സാധിക്കുമെന്ന് വിചാരിക്കുന്നവർക്ക് മുന്നിൽ അഭിമാനമാകുകയാണ് യുഎഇയിലെ പ്രൊ ഗെയിമറായ മദിഹ നാസ്. ഒരു പ്രോ ടീമിൻ്റെ ഭാഗമാകുന്ന രാജ്യത്തെ ആദ്യത്തെ വനിത എന്ന നേട്ടമാണ് മദിഹ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.
വീഡിയോ ഗെയിമുകളോട് ചെറുപ്പം മുതൽ വലിയ താത്പര്യമുണ്ടായിരുന്നു മദിഹയ്ക്ക്. എന്നാൽ ഗെയിമിങ്ങിനെ തന്റെ കരിയർ ആയി മാറ്റുന്നതിനേക്കുറിച്ച് താരം ചിന്തിച്ചിരുന്നേയില്ല. 2019-ൽ കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയ മദിഹ, തൊഴിലന്വേഷണങ്ങൾക്കൊടുവിലാണ് സ്പോർട്സിൽ ചുവടുറപ്പിക്കാൻ തീരുമാനിച്ചത്. അതിന് ശേഷമുള്ള കഠിനമായ പരിശ്രമങ്ങളാണ് താരത്തെ ദുബായ് ആസ്ഥാനമായുള്ള ഗെയിമിംഗ് ടീമായ ഗാലക്സി റേസർ എസ്പോർട്സുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന പ്രൊഫഷണൽ സ്പോർട്സ് പ്ലെയറാക്കി വളർത്തിയത്.
2020-ലാണ് ഒരു പ്രൊഫഷണൽ ഗെയിമർ എന്ന നിലയിലുള്ള യാത്ര ആരംഭിച്ചത്. പരമ്പരാഗതമായി പുരുഷ മേധാവിത്വമുള്ള ഈ മേഖലയിലെ വനിതാ സാന്നിധ്യമാണ് ഇപ്പോൾ മദിഹ. സ്പോർട്സിലേയ്ക്ക് കടക്കാൻ ആഗ്രഹിക്കുന്ന വനിതകളോട് മദിഹയ്ക്ക് പറയാനുള്ളത് ഇതാണ്. ’ഗെയിം എന്നത് പുരുഷന്മാർക്ക് മാത്രമുള്ള മേഖലയല്ല, സ്വന്തം കഴിവിൽ വിശ്വസിക്കുകയും ലക്ഷ്യത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്ന ആർക്കും എത് പ്രൊഫഷനും സ്വന്തമാക്കാൻ സാധിക്കും’ എന്നാണ്. മദിഹയേപ്പോലെ നമുക്കും സ്വപ്നങ്ങൾ നേടുന്നതിന് വേണ്ടി പരിശ്രമിക്കാം.