യുഎഇയിൽ വീണ്ടും അസ്ഥിര കാലാവസ്ഥയെത്തുന്നു. മാർച്ച് 24 ഞായറാഴ്ച മുതൽ മൂന്ന് ദിവസത്തേക്കാണ് ജാഗ്രതാ നിർദേശം പുറത്തിറക്കി യുഎഇ കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഞായറാഴ്ച ആരംഭിക്കുന്ന മഴ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ശമിക്കുമെന്നാണ് നിഗമനം.
അതേസമയം വരുംദിവസങ്ങളിൽ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാവിഭാഗം അറിയിച്ചു. പൊടിക്കാറ്റ് മൂലം റോഡിലെ ദൃശ്യത കുറവായിരിക്കുമെന്നും ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്.
വ്യാഴാഴ്ച പുലർച്ചെ വരെ രാത്രിയിൽ ഈർപ്പമുള്ളതായിരിക്കും. തീരത്ത് നേരിയ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. കാറ്റ് നേരിയതോ മിതമായതോ ആണെങ്കിലും ചില സമയങ്ങളിൽ വേഗതയേറിയതായി മാറിയേക്കാമെന്നും മുന്നറിയിപ്പുണ്ട്.
ഉപരിതല വായു മാന്ദ്യത്തിൻ്റെ ആഘാതം രാജ്യം അനുഭവിച്ചേക്കാമെന്നതിനാൽ യുഎഇയിലെ കാലാവസ്ഥ ഈ വാരാന്ത്യത്തിൽ മാറുമെന്ന് പ്രതീക്ഷിക്കുന്നതായും എൻസിഎം അറിയിപ്പിൽ പറയുന്നു. ന്യൂനമർദത്തിന്‍റെ ഫലമായി കടലിൽ ശക്തമായ തിരമാലകളും രൂപപ്പെട്ടേക്കും.