യുഎഇയില്‍ വിദേശികള്‍ക്ക് സന്ദര്‍ശക വിസ അനുവദിക്കുന്നത് രാജ്യത്ത് താമസിക്കുന്ന ആളിൻ്റെ അടുത്ത ബന്ധുക്കൾക്കൊ സുഹൃത്തുക്കൾക്കൊ മാത്രമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് നാഷണാലിറ്റി, കസ്റ്റംസ് ആന്റ് സെക്യൂരിറ്റി അറിയിച്ചു. ഇത് സംബന്ധിച്ച രേഖകൾ ഹാജരാക്കണമെന്നും നിർദേശമുണ്ട്.വിസിറ്റിങ് വിസയിലെത്തുന്ന വിദേശികളുടെ സന്ദര്‍ശനവും താമസവും കൂടുതല്‍ കടുപ്പിക്കുന്നതാണ് നിയന്ത്രണങ്ങള്‍.
ഇങ്ങനെ വിസിറ്റിങ് വിസയില്‍ യുഎഇയില്‍ എത്തുന്നവര്‍ അവിടുത്തെ പൗരൻ്റെ അടുത്ത ബന്ധുവാണെന്ന് തെളിയിക്കുന്ന മതിയായ രേഖകള്‍ ഹാജരാക്കുന്നതിനൊപ്പം സാമ്പത്തിക ഗ്യാരണ്ടിയും പ്രവേശനത്തിനുള്ള കാരണവും വ്യക്തമാക്കണം. സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ (UAEICP)വഴിയാണ് സന്ദര്‍ശക വിസയ്ക്കായി അപേക്ഷിക്കേണ്ടതെന്നും അതോറിറ്റി അറിയിച്ചു.
യുഎഇയിലെ വിദേശ താമസക്കാരന് മാനദണ്ഡപ്രകാരമുളള ജോലി ആവശ്യമാണെന്നും അധികൃതർ വ്യക്തമാക്കി. ഇതിനായി പ്രൊഫഷണല്‍ തലങ്ങളില്‍ 459 ജോലികളുടെ ലിസ്റ്റ് അംഗീകരിച്ചിട്ടുണ്ട്. ഫസ്റ്റ് ലെവലിലുളള 131 ജോലികളും രണ്ടാം തലത്തിലുളള 328 തസ്തികകളും പട്ടികയിലുണ്ട്.
അതേസമയം വിദേശത്തുള്ള വ്യക്തിക്ക് സന്ദർശക വിസ കിട്ടിയ ശേഷം എന്‍ട്രി പെര്‍മിറ്റ് നല്‍കിയ തീയതി മുതല്‍ 60 ദിവസത്തിനുള്ളില്‍ രാജ്യത്ത് പ്രവേശിക്കണമെന്നാണ് നിർദ്ദേശം. ഒരുമാസം മുതൽ മൂന്ന് മാസം വരെ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് യുഎഇയില്‍ തങ്ങാനും അവസരമുണ്ട്. വിസ അനുവദിച്ച കാലയളവിനെ ആശ്രയിച്ചിരിക്കും പരിധി നിശ്ചയിക്കുക. ഓരോ അധിക ദിവസത്തിനും 100 ദിര്‍ഹം വീതം പിഴയും ഈടാക്കും.
എന്നാൽ പിഴ സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും വിദേശി രാജ്യം വിടുകയോ പ്രവേശന പെര്‍മിറ്റ് നീട്ടുകയോ ചെയ്യണമെന്നും അതോറിറ്റി നിർദ്ദേശിച്ചു.