യുഎഇയിൽ പുരോഗമിക്കുന്ന വിസ പൊതുമാപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വ്യക്തമാക്കി ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ഐസിപി) വിഭാഗം.സെപ്തംബർ 1 ന് ശേഷം നടക്കുന്ന വിസ ലംഘനങ്ങൾ പദ്ധതിയുടെ പരിധിയിൽ വരുന്നതല്ലെന്നും തീയതിക്ക് ശേഷം ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ആളുകൾക്ക് പ്രോഗ്രാമിൽ നിന്ന് പ്രയോജനം ലഭിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
യുഎഇയുടെ വിസ പൊതുമാപ്പ് പദ്ധതി അനുസരിച്ച് സെപ്റ്റംബർ 1 മുതൽ ആയിരക്കണക്കിന് അനധികൃത പ്രവാസികൾ പദവി ക്രമപ്പെടുത്തുകയോ രാജ്യം വിടുകയോ ചെയ്തിട്ടുണ്ട്. എങ്കിലും സെപ്തംബർ 1 ന് ശേഷം സംഭവിക്കുന്ന ലംഘനങ്ങൾക്ക് നിയമപരമായ പിഴ നേരിടേണ്ടിവരും. നിശ്ചിത കാലയളവിൽ അനധികൃത താമസക്കാർ അവരുടെ പദവി ക്രമീകരിച്ചില്ലെങ്കിൽ എല്ലാ പ്രസക്തമായ പിഴകളും ബാധകമാകുമെന്നും അധികൃതർ വ്യക്തമാക്കി.
പദ്ധതി കാലയളവിൽ നൽകുന്ന പുറപ്പെടൽ പെർമിറ്റുകൾക്ക് 14 ദിവസത്തേക്ക് സാധുതയുണ്ട്. വ്യക്തി പുറപ്പെടുന്നതിന് മുമ്പ് പെർമിറ്റ് കാലഹരണപ്പെടുകയാണെങ്കിൽ മുൻകാല പിഴകളും സ്വയമേവ പുനഃസ്ഥാപിക്കപ്പെടും. രാജ്യം വിടാൻ ആഗ്രഹിക്കുന്നവർ ട്രാഫിക് പിഴകൾ ഉൾപ്പെടെ മറ്റ് ബാധ്യതകളും ക്രമപ്പെടുത്തേണ്ടതുണ്ട്.
അസാധുവായ റസിഡൻസി പെർമിറ്റുകൾ ഉള്ളവർ, വിസകൾ കാലഹരണപ്പെട്ടവർ, ജനിച്ച് നാല് മാസത്തിനുള്ളിൽ റെസിഡൻസി രജിസ്റ്റർ ചെയ്തിട്ടില്ലാത്ത വിദേശികളിൽ ജനിച്ച കുട്ടികൾ, ജോലി നിർത്തലാക്കി ലിസ്റ്റിൽ അകപ്പെട്ടവർ എന്നിങ്ങനെ നാല് വിഭാഗങ്ങൾക്കാണ് ഗ്രേസ് പിരീഡ് പ്രാഥമികമായി പ്രയോജനം ചെയ്യുന്നത്. ഒക്ടോബർ 30 വരെയാണ് പൊതുമാപ്പ് കാലാവധി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc