മാർച്ച് 1 മുതൽ അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടികളുമായി റാസൽഖൈമ. അശ്രദ്ധമായി വാഹനമോടിക്കുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുന്ന കാര്യത്തിൽ റാസൽഖൈമ പോലീസ് കർശനമായ പിഴകൾ നടപ്പാക്കുമെന്നാണ് റിപ്പോർട്ട്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് റാസൽഖൈമ പൊലീസ് അറിയിച്ചു. ഏത് എമിറേറ്റിലായാലും അപകടത്തിന്റെ ഗൗരവം അനുസരിച്ച് വാഹനം പിടിച്ചെടുക്കും.
മാർച്ച് ഒന്നു മുതൽ നിലവിൽ വരുന്ന പുതിയ നിയമം അനുസരിച്ച് ഗുരുതര നിയമലംഘകർക്ക് 20,000 ദിർഹം വരെ (4.5 ലക്ഷം രൂപ) പിഴയീടാക്കും. വാഹനവും പിടിച്ചെടുക്കും. അശ്രദ്ധയോടെ വാഹനമോടിച്ച് ഗുരുതര അപകടമുണ്ടാക്കുന്നവർക്കും ഇതേ ശിക്ഷ ലഭിക്കും.
ഉദാഹരണത്തിന്, നിയമലംഘനത്തിന് ഒരു വാഹനം മൂന്ന് മാസത്തേക്ക് (90 ദിവസം) പിടിച്ചെടുക്കും, അത് റിലീസ് ചെയ്യുന്നതിന് ഉടമ 10,000 ദിർഹം ചെലവഴിക്കേണ്ടിവരും. ജീവൻ അപകടപ്പെടുത്തുന്ന തരത്തിൽ വിനോദസഞ്ചാര മേഖലകളിൽ വാഹനം ഓടിച്ചാൽ നാല് മാസവും (120 ദിവസം) 10,000 ദിർഹം റിലീസ് ഫീസും നൽകേണ്ടിവരും.ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴകൾ കർശനമാക്കാനുള്ള RAK എക്സിക്യൂട്ടീവ് കൗൺസിലിൻ്റെ തീരുമാനത്തെ തുടർന്നാണിത്. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുപ്രകാരം യുഎഇയിൽ 2022 മുതൽ ഉണ്ടായ 3000 അപകടങ്ങളിലായി 343 പേർ മരിക്കുകയും 5045 പേർക്കു പരുക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നിയമം കടുപ്പിക്കുന്നതെന്ന് റാസൽഖൈമ പൊലീസ് മേധാവി മേജർ ജനറൽ അലി അൽ നുഐമി പറഞ്ഞു.
നമ്പർ പ്ലേറ്റില്ലാത്തതോ കേടായ നമ്പർ പ്ലേറ്റുമായോ വാഹനം ഓടിച്ചാൽ 20,000 ദിർഹം പിഴ ഈടാക്കും. 120 ദിവസത്തേക്കു വാഹനം കണ്ടുകെട്ടും. റോഡിൽ മത്സരയോട്ടം നടത്തിയാൽ 10,000 ദിർഹം. 90 ദിവസത്തേക്കു വാഹനം കണ്ടുകെട്ടും. അനുമതിയില്ലാതെ റോഡിൽ പരേഡ് നടത്തിയാൽ 10,000 ദിർഹം. 15–120 ദിവസത്തേക്കു വാഹനം കണ്ടുകെട്ടും. ജീവന് ഭീഷണിയാകുംവിധം റോഡിൽ സംഘർഷമുണ്ടാക്കിയാൽ 10,000 ദിർഹം. 120 ദിവസത്തേക്കു വാഹനം കണ്ടുകെട്ടും.
വാഹനത്തിന്റെ ഘടനയിൽ മാറ്റം വരുത്തി ശബ്ദമലിനീകരണം ഉണ്ടാക്കിയാൽ 5,000 ദിർഹം. 60 ദിവസത്തേക്കു വാഹനം കണ്ടുകെട്ടും. ക്വാഡ് ബൈക്കുമായി റോഡിലിറങ്ങിയാൽ 3,000 ദിർഹം. 90 ദിവസത്തേക്കു വാഹനം കണ്ടുകെട്ടും. അന്തരീക്ഷ മലിനീകരണമുണ്ടാക്കിയാൽ 3,000 ദിർഹം. 30 ദിവസത്തേക്കു വാഹനം കണ്ടുകെട്ടും.