യുഎഇ താമസ വീസയുള്ളവരുടെ പാസ്പോർട്ട് നഷ്ടമായാൽ രാജ്യത്തു പ്രവേശിക്കാൻ രണ്ടു മാസത്തേക്കു താൽക്കാലിക പെർമിറ്റ് നൽകുമെന്ന് അറിയിപ്പ്. അതിനുള്ളിൽ പുതിയ പാസ്പോർട്ട് എടുത്തിരിക്കണം
പാസ്പോർട്ട് നഷ്ടപ്പെട്ടവർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി വെബ്സൈറ്റിലൂടെ എൻട്രി പെർമിറ്റിനുള്ള അപേക്ഷ നൽകണം. ഏതൊക്കെ രേഖകൾ നഷ്ടപ്പെട്ടു/നശിച്ചുപോയി എന്ന വിവരം 3 പ്രവൃത്തി ദിവസത്തിനകം ഐസിപിയിൽ റിപ്പോർട്ട് ചെയ്യണം. വിദേശത്തുവച്ചാണ് നഷ്ടപ്പെട്ടതെങ്കിൽ സ്മാർട് സർവീസ് മുഖേന അപേക്ഷിക്കണം.
വിദേശത്തു വച്ചാണ് പാസ്പോർട്ട് നഷ്ടപ്പെട്ടതെങ്കിൽ എൻട്രി പെർമിറ്റിന് അപേക്ഷിക്കുമ്പോൾ പാസ്പോർട്ട് നഷ്ടപ്പെട്ടതായി യുഎഇ എംബസി സാക്ഷ്യപ്പെടുത്തിയ പൊലീസ് റിപ്പോർട്ട് നൽകണം. കൂടാതെ പാസ്പോർട്ടിന്റെ കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ, സ്പോൺസറുടെ സമ്മതപത്രം, യുഎഇ വീസ കോപ്പി, എമിറേറ്റ്സ് ഐഡി കോപ്പി എന്നിവയും നൽകണം. 150 ദിർഹമാണ് (ഏകദേശം 3300 രൂപ) ഫീസ് ഈടാക്കുക.
പാസ്പോർട്ട് യുഎഇയിൽ വച്ച് മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ആണെങ്കിൽ നിശ്ചിത പരിധിയിൽ വരുന്ന പൊലീസ് സ്റ്റേഷനിൽ ആദ്യം അറിയിക്കണം. കുട്ടികളുടെ പാസ്പോർട്ടാണ് നഷ്ടപ്പെട്ടതെങ്കിൽ രക്ഷിതാവ് പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടണം. കമ്പനികൾക്ക് കീഴിൽ ജോലി ചെയ്യുന്നവരാണ് അപേക്ഷകരെങ്കിൽ വിശദാംശങ്ങളോടെ കമ്പനി പൊലീസിൽ പരാതി നൽകണം. കമ്പനിയുടെ ലെറ്റർ ഹെഡിൽ സ്പോൺസറുടെ ഒപ്പും കമ്പനി സീലും വിലാസവും രേഖപ്പെടുത്തിയിരിക്കണം. ട്രേഡ് ലൈസൻസ് എസ്റ്റാബ്ലിഷ്മെന്റ് കാർഡ് കോപ്പികളും കത്തിനൊപ്പം വയ്ക്കണം.
ആശ്രിത വീസക്കാരുടെ പാസ്പോർട്ടാണു നഷ്ടപ്പെട്ടതെങ്കിൽ സ്പോൺസറായ വ്യക്തിയുടെ ഒപ്പു പതിച്ച സമ്മതപത്രം മതിയാകും. തുടർന്ന് അപേക്ഷകരുടെ കോൺസുലേറ്റുകൾ വഴി സ്വദേശത്തേക്കു മടങ്ങാനുള്ള നടപടിയോ പുതിയ പാസ്പോർട്ടിനുള്ള നടപടികളോ ആരംഭിക്കാൻ സാധിക്കും.