യുഎഇയിൽ ശരത്കാലം ഇന്ന് ആരംഭിക്കും. ഇനി രാത്രി കാലത്ത് താപനില ക്രമേണ കുറഞ്ഞുതുടങ്ങും. പിന്നീട് പതിയെ പകൽ സമയത്തെയും ചൂടും കുറയും. ഇന്ന് യുഎഇ സമയം വൈകുന്നേരം 4.44-നാണ് രാജ്യത്ത് ശരത്കാലം ആരംഭിക്കുകയെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
ശരത്കാലം ആരംഭിക്കുന്നതോടെ യുഎഇയിൽ രാവും പകലും തുല്യമായിരിക്കുമെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമിക്കൽ സൊസൈറ്റിയുടെ ബോർഡ് ചെയർമാനും അറബ് യൂണിയൻ ഫോർ അസ്‌ട്രോണമി ആന്റ് സ്‌പേസ് സയൻസസ് അംഗവുമായ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു. പിന്നീട് ശൈത്യകാലത്തേക്ക് നീങ്ങുമ്പോൾ രാത്രികൾ ക്രമേണ ദിവസങ്ങളേക്കാൾ ദൈർഘ്യമേറിയതായിത്തീരും.
ശരത്കാലത്തിൽ താപനില രാത്രിയിൽ 25 ഡിഗ്രി സെൽഷ്യസിലും പകൽ 40 ഡിഗ്രി സെൽഷ്യസിലും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഒക്ടോബർ പകുതി മുതൽ ഏപ്രിൽ പകുതി വരെ താപനില 20 ഡിഗ്രി സെൽഷ്യസിൽ താഴെയാകുകയും ചെയ്യും. ശരത്കാലത്തിന്റെ പകുതിയിൽ രാജ്യത്ത് മഴയും ലഭിച്ചുതുടങ്ങും. ശൈത്യകാല മഴക്കാലം നവംബറിന്റെ ആദ്യം ആരംഭിച്ച് മാർച്ച് അവസാനം വരെ തുടരും. വർഷത്തിലെ മൊത്തം മഴയുടെ ഏകദേശം 22 ശതമാനം ലഭിക്കുന്നത് ഈ കാലയളവിലായിരിക്കും.