യുഎഇയിൽ യാത്രാ നിരോധനം നീക്കാൻ നൂതന സംവിധാനം ആരംഭിച്ച് അധികൃതർ. പണമടയ്ക്കാത്തതിനാൽ യാത്രാ നിരോധനം ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ, കുടിശിക അടച്ച ശേഷം പേയ്മെന്റ് സ്റ്റാറ്റസ് തൽക്ഷണം ട്രാക്ക് ചെയ്ത് ഡിജിറ്റിലായി യാത്രാ നിരോധനം നീക്കിയതിന്റെ പകർപ്പ് ലഭ്യമാക്കുന്ന സംവിധാനമാണ് ആരംഭിച്ചത്. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റാണ് പേയ്മെന്റ് സ്‌റ്റാറ്റസ് ട്രാക്ക് ചെയ്യുന്നതിനുള്ള പുതിയ സംവിധാനത്തിന് തുടക്കമിട്ടിരിക്കുന്നത്.
എൻഫോഴ്സ്മെൻ്റ് ഓഫീസർമാരുടെയും ജഡ്‌ജിമാരുടെയും ഇടപെടലില്ലാതെ പണമടച്ചതിന്റെ രേഖകൾ അതിവേഗം സ്‌മാർട്ട് ആപ്പ് വഴി ഡൗൺലോഡ് ചെയ്യുകയും യാത്രാ നിരോധനവുമായി ബന്ധപ്പെട്ട തടസങ്ങൾ തത്ക്ഷണം നീക്കുകയും ചെയ്യുന്നതാണ് പുതിയ സംവിധാനം. കുടിശിക അടച്ചാൽ പണമടച്ചതിന്റെയും റദ്ദാക്കിയതിന്റെയും തെളിവുമായി ബന്ധപ്പെട്ട രേഖകൾ ഉടൻ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
അതേസമയം പണമടയ്ക്കാത്തതിനാൽ അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചതോ അല്ലെങ്കിൽ നിക്ഷേപങ്ങളും ബാങ്ക് അക്കൗണ്ടുകളും പിടിച്ചെടുക്കാനുള്ള ഉത്തരവുകൾ നിലവിലുള്ളതോ ആയ സാഹചര്യത്തിൽ പേമെന്റുമായി ബന്ധപ്പെട്ട ഒറിജിനൽ റിപ്പോർട്ടാണ് ഹാജരാക്കേണ്ടത്. എന്നാൽ മാത്രമേ യാത്രാ നിരോധനം നീക്കാൻ സാധിക്കൂ.