മാലിന്യ ശേഖരണത്തിന് ഹൈ-ടെക് സ്മാര്‍ട്ട് ബിന്നുകളുമായി അബുദാബിയിലെ തദ്വീര്‍ ഗ്രൂപ്പ്. സെന്‍സറുകളും നൂതന സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് സ്മാര്‍ട്ട് ബിന്നുകളുടെ പ്രവർത്തനം. പ്രാദേശികമായി നിര്‍മ്മിച്ച ഈ ബിന്നുകളില്‍ മാലിന്യത്തിന്റെ അളവ് എത്രയുണ്ടെന്നും അത് നിറഞ്ഞോ എന്നുമുള്ള വിവരങ്ങള്‍ കണ്ടെത്താനാകും.
സ്മാര്‍ട്ട് ബിന്നിലെ ബാര്‍കോഡോ ക്യുആര്‍ കോഡോ സ്‌കാനറോ ഉപയോഗിച്ച് അത് തുറന്ന് വേണം മാലിന്യം നിക്ഷേപിക്കാന്‍. സ്മാര്‍ട്ട് ബിന്നുകൾ വഴി ലഭ്യമാകുന്ന സിഗ്നലുകളുടെ അടിസ്ഥാനത്തിലാണ് മാലിന്യ ശേഖരണം എപ്പോള്‍ വേണമെന്ന് തീരുമാനിക്കുക. ഇതോടെ മാലന്യശേഖരണത്തിന് അനാവശ്യമായി ട്രക്കുകൾ ഓടിയെത്തുന്നത് തടയാനുമാകും.
ബിന്‍ പരിശോധിക്കാതെ മാലിന്യത്തിൻ്റെ തോത്, ഏതുതരം മാലിന്യങ്ങൾ, തുടങ്ങി വിവിധ കാര്യങ്ങളും സ്മാര്‍ട്ട് ബിൻ സെൻസറുകൾ നൽകും. ഇതുവഴി ആരാണ് ഏറ്റവും കൂടുതല്‍ മാലിന്യം ഉല്‍പ്പാദിപ്പിക്കുന്നതെന്നും ഏത് തരം മാലിന്യമാണ് അതെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്ടെത്താൻ പുതിയ സാങ്കേതികവിദ്യ സഹായിക്കുമെന്ന് തദ്വീര്‍ ഗ്രൂപ്പിന്റെ മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് അഡൈ്വസര്‍ ഒല്ലി ലോസണ്‍ പറഞ്ഞു.
സ്മാര്‍ട്ട് ബിന്‍ പരീക്ഷണാര്‍ഥം എമിറേറ്റിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചു കഴിഞ്ഞതായും എമിറേറ്റിലെ ഏക മാലിന്യ നിര്‍മാര്‍ജ്ജന ഏജന്‍സിയായ തദ്വീര്‍ ഗ്രൂപ്പ് അറിയിച്ചു.