യുഎഇയുടെ വികസന ലക്ഷ്യങ്ങൾ ഉയർത്തുകയും ദേശീയ വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുകയും ലക്ഷ്യമിട്ട് അറബ് രാജ്യങ്ങളുമായി ഇരട്ടനികുതി ഒഴിവാക്കൽ കരാർ ഒപ്പിട്ടു. കുവൈറ്റ്, ബഹ്‌റൈൻ, ഈജിപ്ത് രാജ്യങ്ങൾക്കുപുറമെ ലോകബാങ്കുമായും യുഎഇ ധനമന്ത്രാലയം കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. “ഭാവി ഗവൺമെൻ്റുകളെ രൂപപ്പെടുത്തുക” എന്ന പ്രമേയത്തിൽ ദുബായിൽ നടക്കുന്ന വേൾഡ് ഗവൺമെൻ്റ് സമ്മിറ്റ് (ഡബ്ല്യുജിഎസ്) 2024 ൻ്റെ ഭാഗമായാണ് കരാറിൽ ഒപ്പുവെച്ചത്.
ഇരട്ട നികുതി, അധിക നികുതികൾ, പരോക്ഷ നികുതികൾ, നികുതി വെട്ടിപ്പ് എന്നിവ ഒഴിവാക്കുക, അതിർത്തി കടന്നുള്ള വ്യാപാരത്തിൻ്റെയും നിക്ഷേപ പ്രവാഹത്തിൻ്റെയും വെല്ലുവിളികൾ പരിഹരിക്കുക എന്നിവയാണ് കരാറുകൾ പ്രധാനമായും ലക്ഷ്യമിടുന്നത്. സാമ്പത്തിക മേഖലകളിലെ ആഗോള മാറ്റങ്ങളും മൂലധന വിനിമയവും കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുക.
സംയുക്ത ചട്ടക്കൂടുകൾ വിപുലീകരിക്കുന്നതിലൂടെ വാണിജ്യ പങ്കാളിത്തം ശക്തമാകുമെന്ന് യുഎഇ സാമ്പത്തിക കാര്യ സഹമന്ത്രി മുഹമ്മദ് ഹാദി അൽ ഹുസൈനി പറഞ്ഞു. വ്യാപാര വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും പുറമെ നികുതി മേഖലകളിലെ സഹകരണവും നിക്ഷേപ അപവസരങ്ങൾ വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക ബാങ്കും യുഎഇയും തമ്മിലുള്ള സഹകരണത്തിൻ്റെ പുതിയ അധ്യായം ആഗോളതലത്തിലും സ്വാധീനം ചെലുത്തും. അതേസമയം യുഎഇ ധനമന്ത്രാലയം 143 ഇരട്ട നികുതി ഒഴിവാക്കൽ കരാറുകളിലും 112 നിക്ഷേപ കരാറുകളിലും ഇതിനോടകം ഏർപ്പെട്ടിട്ടുണ്ടെന്നും അധികൃതർ സൂചിപ്പിച്ചു.