ഷെയ്ഖ് സായിദ് ഫാൽക്കൺ റിലീസ് പ്രോഗ്രാമിൻ്റെ ഭാഗമായി ഈ വർഷം 52 പരുന്തുകളെ തുറന്നുവിട്ടതായി അബുദാബി പരിസ്ഥിതി ഏജൻസി. കസാക്കിസ്ഥാനിലെ കാരഗണ്ട കാട്ടിലേക്കാണ് പരുന്തുകളെ വിട്ടയച്ചത്. ഏകദേശം 30 വർഷം മുമ്പ് ആരംഭിച്ച ദീർഘകാല പരുന്ത് സംരക്ഷണ പരിപാടിയുടെ ഭാഗമായാണ് പക്ഷികളെ തുറന്നുവിട്ടത്.
കഴിഞ്ഞ മെയ് 5, മെയ് 6 തീയതികളിൽ കാരഗണ്ട മേഖലയിലാണ് പരുന്തുകളെ തുറന്നുവിട്ടത്. 23 പെരെഗ്രിൻ ഫാൽക്കണുകളും 29 സാക്കർ ഫാൽക്കണുകളും കാടുകളിലേക്ക് ചേക്കേറി. പക്ഷികളുടെ അതിജീവന നിരക്ക്, വ്യാപനം, പരമ്പരാഗത കുടിയേറ്റ പാതകൾ എന്നിവ നിരീക്ഷിക്കുന്നതിനായി പരുന്തുകളിൽ ഇലക്ട്രോണിക് ചിപ്പും പതിനൊന്ന് ഫാൽക്കണുകളിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സാറ്റലൈറ്റ് ട്രാക്കിംഗ് ഉപകരണങ്ങളും ഘടിപ്പിച്ചിട്ടുണ്ട്.
പരുന്തുകളുടെ വളർച്ചയ്ക്ക് അത്യാവശ്യമായ ആവാസ വ്യവസ്ഥയാണ് കാരഗണ്ട പ്രദേശമെന്നാണ് മുൻകാല ഡേറ്റകൾ സൂചിപ്പിക്കുന്നത്. പർവതങ്ങളും സമതലങ്ങളും ഇരകളും പരുന്തുകളുടെ വ്യാപനത്തിന് സഹായിക്കുന്ന പ്രദേശമാണിതെന്നും പരിസ്ഥിതി ഏജൻസി സൂചിപ്പിക്കുന്നു.
ഷെയ്ഖ് സായിദ് ഫാൽക്കൺ റിലീസ് പ്രോഗ്രാം ഇതുവരെ 2,211 പക്ഷികളെ പുനരധിവസിപ്പിച്ചിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു. കസാഖ് കൃഷി മന്ത്രാലയത്തിലെ വനം-വന്യജീവി സമിതിയുടെ മേൽനോട്ടത്തിലാണ് പക്ഷികളെ വിട്ടയച്ചത്. 293 സാക്കർ ഫാൽക്കണുകളും 618 പെരെഗ്രിൻ ഫാൽക്കണുകളും ഉൾപ്പെടുന്ന മൊത്തം പക്ഷികളുടെ എണ്ണം രാജ്യത്ത് ഇതുവരെ 911 ആയെന്നാണ് കണക്ക്.