ഡെലിവറി ജീവനക്കാർക്കായി രാജ്യവ്യാപകമായി 356 വിശ്രമകേന്ദ്രങ്ങൾ ഒരുക്കിയതായി മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. വേനൽചൂടിന്റെ കാഠിന്യം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ ഡെലിവറി ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് വിശ്രമകേന്ദ്രങ്ങൾ ഒരുക്കിയത്.
ഡെലിവറി ബൈക്ക് ഡ്രൈവർമാർക്ക് അനുയോജ്യമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യുന്നതാണ് പുതിയ പദ്ധതി. ചൂടേൽക്കാത്ത രീതിയിലുള്ള കാത്തിരിപ്പ് കേന്ദ്രങ്ങൾ, എയർ കണ്ടീഷനോടുകൂടിയ സുഖപ്രദമായ ഇരിപ്പിടങ്ങൾ, കുടിവെള്ള സൗകര്യങ്ങൾ എന്നിവ വിശ്രമകേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്.
രാജ്യത്ത് വേനൽ കടുത്ത സാഹചര്യത്തിൽ ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ മൂന്നു മാസം പുറംതൊഴിലാളികൾക്ക് യുഎഇയിൽ ഉച്ചവിശ്രമനിയമം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഡെലിവറി ജീവനക്കാരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 356 വിശ്രമകേന്ദ്രങ്ങൾ തയ്യാറാക്കിയത്.