യുഎഇയിലേക്ക് മുൻകൂട്ടി വീസയെടുക്കാതെ വരാവുന്ന രാജ്യങ്ങളുടെ എണ്ണം 60 ആയി പുതുക്കി. നേരത്തെ 40 രാജ്യങ്ങൾക്കായിരുന്നു വീസ ഓൺ അറൈവൽ ലഭിച്ചിരുന്നത്. പുതുക്കിയ പട്ടികയിലും ഇന്ത്യ ഇല്ല. ഇന്ത്യയിലെ ഉയർന്ന ജനസംഖ്യയാണ് വീസ ഓൺ അറൈവലിനു തടസ്സമാകുന്നത്.
യുഎസ് വീസയുള്ളവർക്കും യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ പെർമനൻ്റ് റസിഡൻ്റ് വീസയുള്ള ഇന്ത്യക്കാർക്കും യുഎഇയിലേക്കു വീസ ഓൺ അറൈവലിൽ എത്താം.
ഇവരുടെ വീസയ്ക്ക് കുറഞ്ഞത് 6 മാസത്തെ കാലാവധി ഉണ്ടായിരിക്കണം. 14 ദിവസത്തേക്കാണ് വീസ ഓൺ അറൈവൽ ആണ് ലഭിക്കുക. ഇത് 14 ദിവസത്തേക്കു കൂടി നീട്ടാനും കഴിയും. ഉയർന്ന ജനസംഖ്യയുള്ള ചൈനയ്ക്കും വീസ ഓൺ അറൈവൽ ലഭിച്ചിട്ടില്ല.
വീസ ഓൺ അറൈവലിൽ 90 ദിവസം വരെ താമസിക്കാവുന്ന 40 രാജ്യങ്ങളും 30 ദിവസം താമസിക്കാവുന്ന 20 രാജ്യങ്ങളുമാണ് പട്ടികയിൽ. 90 ദിവസത്തെ വീസ ലഭിക്കുന്നതിൽ അധികവും യൂറോപ്യൻ രാജ്യങ്ങളാണ്. യുഎസ് വീസയുള്ളവർക്ക് 30 ദിവസം വരെ താമസിക്കാം. 30 ദിവസത്തെ വീസ 10 ദിവസം കൂടി നീട്ടാനും കഴിയും.
വീസ ഓൺ അറൈവൽ രാജ്യങ്ങളുടെ പട്ടിക പരിഷ്ക്കരിക്കുന്നതിനാൽ യാത്രയ്ക്ക് മുൻപ് അതാതു രാജ്യത്തെ യുഎഇ എംബസി മുഖേന സാധുത പരിശോധിച്ച് ഉറപ്പു വരുത്തണമെന്ന് ഡിജിറ്റൽ ഗവൺമെൻ്റ് അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ളവർ എൻട്രി പെർമിറ്റ് എടുത്തു വരണം. സ്വദേശിയോ യുഎഇയിലെ ഏതെങ്കിലും ഒരു കമ്പനിയോ റസിഡൻസ് വീസയുള്ള വ്യക്തിയോ എയർലൈനോ യുഎഇ ആസ്ഥാനമായുള്ള ട്രാവൽ ടൂറിസം ഏജൻസിയോ സ്പോൺസർ ചെയ്താൽ ഇവർക്കു വീസ ലഭിക്കും. ജിസിസി പൗരന്മാർക്ക് ഐഡി കാർഡുമായി യുഎഇയിൽ പ്രവേശിക്കാം. പ്രത്യേക വീസയോ എൻട്രി പെർമിറ്റോ ആവശ്യമില്ല.
വിസിറ്റ്, ടൂറിസ്റ്റ് വീസകളിൽ യുഎഇയിൽ എത്തിയവർ ശമ്പളത്തിനോ സൗജന്യമായോ ജോലി ചെയ്യുന്നത് കുറ്റകരമാണ്. താമസക്കുടിയേറ്റ, തൊഴിൽ നിയമം അനുസരിച്ച് വർക്ക് പെർമിറ്റും തൊഴിൽ വീസയും ഉള്ളവർക്കാണ് ജോലി ചെയ്യാൻ അനുമതിയുള്ളത്. നിയമലംഘകർക്ക് തടവും പിഴയും ലഭിക്കും.