യുഎഇക്കും ഒമാനിനും ഇടയിലുള്ള റെയിൽവേയ്‌ക്കായി സുപ്രധാന നടപടികൾ സ്വീകരിച്ചു. യുഎഇ ഒമാൻ മെഗാ പ്രോജക്റ്റ് – ഇപ്പോൾ ഹഫീത് റെയിൽ എന്നറിയപ്പെടും. ഒമാനും യു.എ.ഇക്കും ഇടയിലുള്ള ജബൽ ഹഫീതിനെ സൂചിപ്പിച്ചാണ് ഹഫീത് റെയിലെന്ന് പേരിട്ടിരിക്കുന്നത്. റെയിൽവേ പദ്ധതി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും വിനോദസഞ്ചാരവും ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇ, ഒമാനി കമ്പനികൾ പങ്കാളിത്ത കരാറുകളിൽ ഒപ്പുവെച്ചതായും പ്രധാന കരാറുകൾ നൽകിയതായും ഹഫീത് റെയിൽ സിഇഒ അഹമ്മദ് അൽ മുസാവ അൽ ഹാഷിമി പറഞ്ഞു.
ഒമാൻ റെയിലിന്റെയും ഇത്തിഹാദ് റെയിലിന്റെയും സംയുക്ത സംരംഭമായ ഒമാൻ-ഇത്തിഹാദ് റെയിൽ കമ്പനിയാണ് സുഹാർ തുറമുഖത്തെ യു.എ.ഇ നാഷണൽ റെയിൽ നെറ്റ്വർക്കിലേക്ക് ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖല പ്രവർത്തിപ്പിക്കുക. ആകെ മൂന്ന് ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപമാണ് പദ്ധതിക്കായി നടത്തുന്നത്. സംയുക്ത റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട മൂന്ന് കരാറുകൾ ചൊവ്വാഴ്ച അബൂദബിയിൽവെച്ച് ഒപ്പുവച്ചിട്ടുണ്ട്.
യാത്രാ, ചരക്ക് സേവനങ്ങൾ നൽകുന്നതിനായി ഏകദേശം 1.160 ശതകോടി റിയാൽ ചെലവിലായിരിക്കും പദ്ധതി ഒരുക്കുക. ഉയർന്ന അന്താരാഷ്ട്ര സുരക്ഷയും പാരിസ്ഥിതിക മാനദണ്ഡങ്ങളും സ്വീകരിച്ചായിരിക്കും നിർമാണം. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയായിരിക്കും പാസഞ്ചർ ട്രെയിനുണ്ടാകുക. ചരക്ക് ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 120 കിലോമീറ്ററായിരിക്കും. പദ്ധതി യാഥാർഥ്യമാകുന്നതോടെ സുഹാറിൽനിന്ന് ദുബൈയിലേക്ക് 100 മിനിറ്റുകൊണ്ടും അൽ ഐനിലേക്ക് 47 മിനിറ്റുകൊണ്ടും എത്താൻ സാധിക്കും.