യുഎഇയിൽ മെഡിക്കൽ സ്ഥാപനങ്ങൾക്കെതിരെ നിങ്ങൾക്ക് പരാതികൾ ഉണ്ടോ. എങ്കിൽ പരാതികൾ അധികൃതരെ അറിയിക്കുന്നതിനായി പുതിയ സംവിധാനമൊരുക്കിയിരിക്കുകയാണ് ആരോഗ്യ മന്ത്രാലയം. യുഎഇയിലെ വടക്കൻ എമിറേറ്റുകളിൽ സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങൾക്കെതിരെയുള്ള പരാതികൾ നൽകുന്നതിനായി മന്ത്രാലയത്തിൻ്റെ വെബ്സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനിലുമാണ് പുതിയ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
മെഡിക്കൽ സ്ഥാപനങ്ങൾ, മെഡിക്കൽ ജീവനക്കാർ, ടെക്നിക്കൽ ജീവനക്കാർ എന്നിവർക്കെതിരെയുള്ള പരാതികളാണ് മിനിസ്ട്രി ഓഫ് ഹെൽത്ത് ആന്റ് പ്രിവെൻഷന്റെ പുതിയ സംവിധാനത്തിലൂടെ അറിയിക്കാൻ സാധിക്കുക. ഷാർജ, അജ്മാൻ, റാസൽഖൈമ, ഉമ്മുൽഖുവൈൻ, ഫുജൈറ എന്നിവിടങ്ങളിലെ സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങൾക്കെതിരെ ഏതെങ്കിലും വിധത്തിലുള്ള പരാതിയുണ്ടെങ്കിൽ അധികൃതരെ അറിയിക്കാനാണ് ആരോഗ്യമന്ത്രാലയം ഇത്തരമൊരു സൗകര്യം ഒരുക്കിയത്.
മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, വിവിധ എമിറേറ്റുകളിലെ കസ്റ്റമർ കെയർ, ഹാപ്പിനസ് സെൻ്ററുകൾ എന്നിവിടങ്ങളിൽ പരാതികൾ നൽകാൻ അവശ്യമായ സൗകര്യങ്ങൾ ഒരുക്കിയതായി അധികൃതർ വ്യക്തമാക്കി.