ജലം, അടിസ്ഥാന സൗകര്യ വികസനം, സിറ്റി മാനേജ്മെന്റ്, ഊർജം, ഗതാഗതം എന്നീ അഞ്ച് മേഖലകളിലെ ആഗോള റാങ്കിങിൽ യുഎഇ ഒന്നാമത്. കൂടാതെ റോഡ്–ഹൈവേ സംവിധാനം, പാചകത്തിനുള്ള സാങ്കേതികവിദ്യകൾ, സംശുദ്ധ ഊർജം എന്നിവയിലും യുഎഇ ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് (ഐഎംഡി) വേൾഡ് കോമ്പറ്റിറ്റീവ്‌നെസ് ഇയർബുക്ക്, ലെഗാറ്റം പ്രോസ്‌പെരിറ്റി ഇൻഡക്‌സ്, യുഎൻ എന്നിവ പുറത്തിറക്കിയ സുസ്ഥിര വികസന റിപ്പോർട്ടിലാണ് യുഎഇ ഈ നേട്ടം സ്വന്തമാക്കിയത്. അതേസമയം മലിനജല സംസ്‌കരണം, പ്രാദേശിക ഊർജ ഉൽപാദനം എന്നിവയിൽ മൂന്നാം സ്ഥാനവും ജല ഉൽപാദനത്തിൽ ആറാം സ്ഥാനവും യുഎഇ നേടിയിട്ടുണ്ട്.
സുസ്ഥിര വികസനത്തിനും സമൃദ്ധിക്കും വേണ്ടി വിജയകരമായ മാതൃകയാകാൻ യുഎഇ ഇനിയും ശ്രമിക്കുമെന്ന് ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്റൂയി പറഞ്ഞു. കൂടാതെ അടിസ്ഥാന സൗകര്യം, ഊർജം, ഗതാഗതം എന്നീ മേഖലകളിലെ ഉൽപാദന പങ്കാളിത്തവും സഹകരണവുമാണ് ലോകത്തിനു നെറുകിലേക്ക് യുഎഇ ഉയരാൻ സഹായകമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂട്ടായ പരിശ്രമവും ദീർഘവീക്ഷണവുമൺ നേട്ടത്തിന് കാരണമായത്. കൂടാതെ ആഗോള മത്സര സൂചികകളിൽ വ്യത്യസ്ത മേഖലകളിലായി ആദ്യ 10 സ്ഥാനങ്ങൾ നേടാനും യുഎഇയ്ക്ക് സാധിച്ചതായി ഇൻഫ്രാസ്ട്രക്ചർ ആൻഡ് ട്രാൻസ്‌പോർട് അഫയേഴ്‌സ് അണ്ടർസെക്രട്ടറി ഹസൻ മുഹമ്മദ് അൽ മൻസൂരി പറഞ്ഞു. കൂടുതൽ ഉന്നതിയിലേക്ക് ഉയരാൻ ഈ നേട്ടം കരുത്തുപകരുമെന്ന് ഊർജ, പെട്രോളിയം അണ്ടർസെക്രട്ടറി ഷരീഫ് അൽ ഒലാമ പറഞ്ഞു. രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും ക്ഷേമം മെച്ചപ്പെടുത്താനും ഇത് ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.