അബുദാബി മുസഫ ഇൻഡസ്ട്രിയൽ സിറ്റിയിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയെന്ന് അധികൃതർ അറിയിച്ചു. വിവരം ലഭിച്ചയുടൻ തന്നെ അബുദാബി പൊലീസും സിവിൽ ഡിഫൻസും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. തിങ്കളാഴ്ച വൈകുന്നേരം തന്നെ തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതായും സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ഇൻഡസ്ട്രിയൽ സിറ്റിയിലെ ഒരു വെയർ ഹൗസിലാണ് തീപിടുത്തമുണ്ടായത്. “മുസഫ ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു വെയർഹൗസിലുണ്ടായ തീപിടുത്തം അബുദാബി പൊലീസും അബുദാബി സിവിൽ ഡിഫൻസ് വിഭാഗവും ചേർന്ന് നിയന്ത്രണ വിധേയമാക്കുകയാണ്” – ട്വിറ്ററിൽ പ്രസിദ്ധീകരിച്ച അറിയിപ്പിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസുകളെ മാത്രമേ ആശ്രയിക്കാവൂ എന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് അറിയിച്ചു.