യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ 2% സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള സമയപരിധി 2022 ഡിസംബർ 31ന് അവസാനിക്കും. നിയമം പാലിക്കാതെ തെറ്റായ വിവരങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്ക് 20,000 ദിർഹം (4.42 ലക്ഷം രൂപ) മുതൽ ഒരു ലക്ഷം ദിർഹം (22.1 ലക്ഷം രൂപ വരെ) പിഴ ചുമത്തുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വർക്ക് പെർമിറ്റ് നൽകിയ ശേഷം ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ സ്വദേശി ജീവനക്കാരന് 20,000 ദിർഹം (4.42 ലക്ഷം രൂപ) പിഴ ചുമത്തുമെന്ന് മന്ത്രാലയവും നാഫിസും വ്യക്തമാക്കി. എന്നാൽ ഒരു സ്ഥാപനത്തിനു വേണ്ടി പ്രത്യേക പരിശീലനം നൽകി സജ്ജരാക്കിയ തൊഴിലാളിയെ നിയമിക്കാൻ വിസമ്മതിച്ചാൽ പരിശീലനത്തിനു ചെലവായ തുകയും ആ കമ്പനിയിൽ നിന്ന് ഈടാക്കും.
അമ്പതിധികം തൊഴിലാളികളുള്ള സ്വകാര്യമേഖലാ കമ്പനികളിലെ വിദഗ്ധ തസ്തികകളിൽ വർഷത്തിൽ 2% സ്വദേശികളെ നിയമിക്കണമെന്നാണ് നിയമം. 2026ഓടെ സ്വദേശിവൽക്കരണ തോത് 10% ആക്കി ഉയർത്തുകയാണ് പദ്ധതി. വർഷത്തിൽ 12,000 സ്വദേശികൾക്കു ജോലി ലഭ്യമാക്കി സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുകയാണ് ലക്ഷ്യം.
2023 ജനുവരി 1 മുതൽ സ്വദേശിവൽക്കരണ ചട്ടം പാലിക്കാത്ത സ്ഥാപനങ്ങളോട് ആളൊന്നിന് 6000 ദിർഹം എന്ന കണക്കിൽ പിഴ ഈടാക്കി സ്വദേശികൾക്ക് നൽകും. ഓരോ കമ്പനികളിലെയും തൊഴിലാളികളുടെ എണ്ണം അനുസരിച്ച് 2% സ്വദേശികളെ നിയമിക്കണം.
നിശ്ചിത പരിധിയിൽ കൂടുതൽ സ്വദേശികളെ നിയമിക്കുന്ന കമ്പനികൾക്ക് വലിയ ആനുകൂല്യവും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നിരട്ടി സ്വദേശിവൽക്കരണം നടപ്പാക്കുന്ന കമ്പനികളിലെ വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റിന് നിലവിലെ 3750 ദിർഹത്തിൽ നിന്ന് 250 ദിർഹം ആക്കി കുറച്ചു. രണ്ടിരട്ടി സ്വദേശിവൽക്കരണം നടപ്പാക്കുന്ന കമ്പനി തൊഴിലാളികളുടെ വർക്ക് പെർമിറ്റിന് 1200 ദിർഹം നൽകിയാൽ മതി. 2% സ്വദേശിവൽക്കരണം പാലിച്ച കമ്പനികളിലെ സ്വദേശി, ജിസിസി പൗരന്മാരെ നിയമിക്കുമ്പോൾ വർക്ക് പെർമിറ്റിന് പണം നൽകേണ്ട.
എന്താണ് നാഫിസ്?
സ്വദേശി യുവതി, യുവാക്കളെ സ്വകാര്യമേഖലയിലെ വിവിധ തൊഴിലുകൾക്കായി പ്രാപ്തരാക്കുന്ന പരിശീലനം നൽകുന്ന സർക്കാർ പദ്ധതിയാണ് നാഫിസ്. 2021 സെപ്റ്റംബറിൽ തുടങ്ങിയ നാഫിസ് തൊഴിലില്ലായ്മ വേതനം, കുട്ടികളുടെ അലവൻസ്, പെൻഷൻ എന്നിവയും കൈകാര്യം ചെയ്യുന്നുണ്ട്.