മൂന്ന് വർഷത്തിനിടെ ട്രാഫിക് നിമയലംഘനങ്ങളിലൊ പിഴ നടപടികളിലൊ ഉൾപ്പെടാത്ത മുപ്പത് ഡ്രൈവർമാരെ ആദരിച്ച് അബുദാബി പൊലീസ്. എല്ലാ ട്രാഫിക് നിയമങ്ങളും പാലിച്ചതിനാണ് അപ്രതീക്ഷിത സമ്മാനം. ഒരു പാർക്കിംഗ് പിഴപോലും ലഭിക്കാത്ത ഡ്രൈവർമാരെയാണ് സമ്മാനം നൽകി ആദരിക്കാനായി തെരഞ്ഞെടുത്തത്.
അബുദാബി പോലീസിലെ ഹാപ്പിനസ് പട്രോൾ സംഘമാണ് സമ്മാനാർഹരായ മുപ്പത് പേരെ കണ്ടെത്തിയത്. റോഡ് നിരീക്ഷണം നടത്തിയും രേഖകൾ പരിശോധിച്ചുമായിരുന്നു ദൌത്യം. ഡ്രൈവർമാരോട് പൊലീസ് ഉദ്യോഗസ്ഥർ സംസാരിക്കുന്നതും സമ്മാനമായി ടിവി വിതരണം ചെയ്യുന്നതും പൊലീസ് വകുപ്പ് പുറത്തുവിട്ട വീഡിയോകളിലും ചിത്രങ്ങളിലും വ്യക്തമാണ്.
നല്ല ഡ്രൈവർമാരെ പ്രചോദിപ്പിക്കുന്നതിനും റോഡുകൾ സുരക്ഷിതമാക്കുന്നതിനും പ്രോത്സാഹനമായാണ് അബുദാബി പൊലീസിൻ്റെ നടപടികളെന്ന് അൽ ഐൻ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ കേണൽ മതാർ അബ്ദുല്ല അൽ മുഹൈരി പറഞ്ഞു. സമ്മാനാർഹരെ കേണൽ അൽ മുഹൈരി അഭിനന്ദിച്ചു. ഡ്രൈവർമാരും അഭിമാനവും നന്ദിയും പ്രകടിപ്പിച്ചു.
അൽഐൻ ട്രാഫിക് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് തലവൻ ലഫ്റ്റനൻ്റ് കേണൽ സയീദ് അബ്ദുല്ല അൽ കൽബാനി, അൽ ഐൻ മേഖലയിലെ സെക്യൂരിറ്റി മീഡിയ വിഭാഗം മേധാവി ലഫ്റ്റനൻ്റ് കേണൽ ഉബൈദ് അൽ കഅബി എന്നിവരും ഉദ്യമത്തിൻ്റെ ഭാഗമായിരുന്നു.