മഴ മേഘങ്ങൾ പൊട്ടിമുളക്കും.. തൂമഴകൾ മരുഭൂമിയിൽ പെയ്തിറങ്ങും.. സെപ്റ്റംബറിൽ മുതൽ പ്രത്യേക മഴദൌത്യങ്ങൾ ആരംഭിക്കുകയാണെന്ന് യുഎഇയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അൽഐൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഒരുമാസം നീളുന്ന ക്ളൌഡ് സീഡിംഗ് ദൌത്യം ആരംഭിക്കുക.ഇതിനിടെ ഒരു കൂട്ടം ഗവേഷകരും പൈലറ്റുമാരും വൈദ്യുത ചാർജ് ഉള്ളതും അല്ലാത്തതുമായ വിവിധതരം ക്ലൗഡ് സീഡിംഗ് മെറ്റീരിയലുകളുടെ പ്രകടനം വിലയിരുത്തും. കൂടുതൽ കാര്യക്ഷമമായ രീതിയിൽ ക്ലൗഡ് സീഡിംഗ് മനസ്സിലാക്കാനും നടപ്പിലാക്കാനുമുളള തയ്യാറെടുപ്പിൻ്റെ ഭാഗമായാണ് നിരീക്ഷണം.
എൻസിഎം സീഡിംഗ് എയർക്രാഫ്റ്റിലും എസ്‌പിഇസി ലിയർജെറ്റിലും സ്ഥാപിച്ചിട്ടുള്ള വിപുലമായ ഇൻസ്ട്രുമെന്റേഷനും സെൻസറുകളും ഉപയോഗിച്ചാണ് ഡാറ്റകൾ വിശകലനം ചെയ്യുന്നത്. അതേസമയം ജൂൺ മുതൽ യുഎഇയിൽ 22 ക്ലൗഡ് സീഡിംഗ് ദൗത്യങ്ങൾ നടത്തിയതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
1990കളുടെ അവസാനം മുതലാണ് കൃത്രിമ മഴ ദൌത്യങ്ങൾ യുഎഇയിൽ ആരംഭിച്ചത്. ജല സംവഹന മേഘങ്ങളെ കണ്ടെത്തി വിമാനങ്ങൾ വഴി ഉപ്പ് ജ്വലനം നടത്തുന്ന രീതിയാണ് അവലംബിക്കുന്നത്. വേനൽ കടുത്ത ഘട്ടങ്ങളിൽ നടത്തിയ ദൌത്യങ്ങൾ വിജയമായിരുന്നെന്നും യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.