അതിവേഗ റെയിൽ വഴി യുഎഇയെയും ഒമാനെയും ബന്ധിപ്പിക്കുന്ന സുപ്രധാന കരാറില്‍ ഒപ്പിട്ട് ഇരുരാജ്യങ്ങളും. അബുദാബിയെ ഒമാനിലെ സോഹാറുമായി ബന്ധിപ്പിക്കുന്നതാണ് കരാര്‍. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന പാസഞ്ചർ ട്രെയിനുകൾക്കൊപ്പം ചരക്കുതീവണ്ടികളും രാജ്യാന്തര സര്‍വ്വീസ് നടത്തും.
റെയിൽവേ ശൃംഖല വിപുലമാക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ഒമാൻ റെയിലും എത്തിഹാദ് റെയിലും സംയുക്ത കമ്പനി സ്ഥാപിക്കും. ഇതിനായി മൂന്ന് ബില്യന്‍ ഡോളര്‍ മാറ്റിവയ്ക്കും.യു.എ.ഇ.യും ഒമാനും തമ്മിലുള്ള ബന്ധം ദൃഢമാകുന്നതിനൊപ്പം സുസ്ഥിര വികസനത്തിനുളള റോഡ് മാപ്പായി കരാർ രൂപപ്പെടുമെന്ന് ഇത്തിഹാദ് റെയിൽ ചീഫ് എക്‌സിക്യൂട്ടീവ് ഷാദി മലക് വ്യക്തമാക്കി.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ചൊവ്വാഴ്ച ഒമാനിലെത്തിയതിന് പിന്നാലെയാണ് പ്രഖ്യാപനം. ഇരുരാജ്യങ്ങളും തമ്മില്‍ ഇതിനകം
16 കരാറുകളിലാണ് ഒപ്പുവച്ചത്. യുഎഇയും ഒമാനും തമ്മിലുളള സാഹോദര്യബന്ധം ആഴത്തിലുളളതാണെന്നും സാമൂഹ്യ സാമ്പത്തിക മേഖലകളില്‍ ഇരു രാജ്യങ്ങളും പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കുമെന്നും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വ്യക്തമാക്കി.