യുഎഇയിൽ പരസ്യ വിപണമേഖലകളിൽ പ്രവർത്തിക്കുന്നവർ ലൈസൻസ് ഉറപ്പാക്കുന്നതായി റിപ്പോർട്ട്. സോഷ്യൽ മീഡിയ -ഡിജിറ്റൽ മാർക്കെറ്റിംഗ് രംഗത്തെ ഇൻഫ്ലുവൻസർമാരും കമ്പനികളുമാണ് ഇക്കാര്യം ഉറപ്പുവരുത്തുന്നത്. അനുമതിയില്ലാതെ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് അബുദാബി അറിയിച്ചതിനെ തുടർന്നാണിത് .
ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് മേഖല വിനോദം എന്നതിനപ്പുറം നിയന്ത്രിതവും ഔപചാരികമായി അംഗീകരിക്കപ്പെട്ടതുമായ പരസ്യ വ്യവസായമായി മാറുന്നതിൻ്റെ സൂചനയാണിതെന്ന് വ്യവസായ വിദഗ്ധർ പറയുന്നു. വ്യക്തികൾക്ക് 1,250 ദിർഹവും കമ്പനികൾക്ക് 5,000 ദിർഹവുമാണ് ലൈസൻസ് ഫീസ് ഈടാക്കുക.
ട്രാക്കിംഗ് ആവശ്യത്തിന് ലൈസൻസ് വളരെ പ്രധാനമാണെന്ന് അധികൃതർ സൂചിപ്പിക്കുന്നു. ഓരോ പെർമിറ്റിനും ടാക്സ് രജിസ്ട്രേഷൻ നമ്പർ (TRN) ഉണ്ട്. ബില്ലിംഗ് ചെയ്യുമ്പോൾ ഇത് അത്യന്താപേക്ഷിതമാണ്. വലിയ ബജറ്റ് ഷൂട്ടുകൾക്കൊപ്പം എല്ലാ ലൈസൻസുകളും നിലവിലുണ്ടെന്നതും ഉറപ്പാക്കേണ്ടതുണ്ട്.
സാധുവായ ലൈസൻസ് ഇല്ലെങ്കിൽ സോഷ്യൽ മീഡിയ സ്വാധീനിക്കുന്നവർക്കും പരസ്യ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾക്കും ജൂലൈ 1 മുതൽ അബുദാബി സാമ്പത്തിക വികസന വകുപ്പ് 10,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ദുബായിൽ ഇതുവരെ കർശന പിഴകളൊന്നും ഇല്ലെങ്കിലും ക്ലയൻ്റുകളെ സ്വാധീനിക്കുന്ന പ്രചാരണങ്ങൾ നടത്താൻ ഇ-ട്രേഡർ ലൈസൻസ് എടുക്കാണമെന്ന നിർദ്ദേശം നിലവിലുണ്ട്.
നിലവിൽ മറ്റ് എമിറേറ്റുകളിൽ രജിസ്റ്റർ ചെയ്ത ഇൻഫ്ലുവൻസർമാർക്ക് അബുദാബിയിൽ പ്രചാരണം നടത്താൻ ഒരു കാമ്പെയ്‌നിന് 50 ദിർഹം വീതം പെർമിറ്റിനായി അപേക്ഷിക്കാനാകുമെന്ന് ഈ മേഖലയിലെ വിദഗ്ദ്ധർ പറയുന്നു. ഇതിനായി ടാം വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അതേസമയം ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് രംഗം കൂടുതൽ വിപുലമാകുന്നതായും ഏജൻസികൾ സൂചിപ്പിച്ചു.