അബുദാബിയിലെ സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ സൗജന്യ ചികിത്സ നൽകുന്ന പുതിയ അത്യാധുനിക മെഡിക്കൽ ക്ലിനിക് സ്ഥാപിക്കും. അബുദാബി എയർപോർട്ട്സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എലീന സോർലിനിയും ബുർജീൽ ഹോൾഡിംഗ്സിൻ്റെ സ്ഥാപകനും ചെയർമാനുമായ ഡോ ഷംഷീർ വയലിലും ഒരു ക്ലിനിക് തുറക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി രണ്ട് സ്ഥാപനങ്ങളും തമ്മിൽ ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചു.
പ്രതിവർഷം 45 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്യാനുള്ള ശേഷിയും ഏറ്റവും പുതിയ ബയോമെട്രിക്, സ്ക്രീനിംഗ് സാങ്കേതികവിദ്യയുമുള്ള വിമാനത്താവളത്തിൽ മുഴുവൻ സമയ ആരോഗ്യ സേവനങ്ങളിലൂടെ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താനാണ് പ്രമുഖ കമ്പനികളുടെ പങ്കാളിത്തം. ബുർജീൽ ഹോൾഡിംഗ്സിൻ്റെ മുൻനിര സൗകര്യമായ ബുർജീൽ മെഡിക്കൽ സിറ്റിക്ക് (ബിഎംസി) കീഴിൽ, ക്ലിനിക്- യാത്രക്കാർക്ക് 24/7 ഉയർന്ന നിലവാരമുള്ള വൈദ്യസഹായം നൽകും. വിമാനത്താവളത്തിൽ നിന്ന് പുറത്തുപോകാതെ തന്നെ ആരോഗ്യപരിരക്ഷ ഉറപ്പാക്കാനും യാത്രാ തടസ്സങ്ങൾ കുറക്കാനുമാണ് ക്ലിനിക്കിലൂടെ ലക്ഷ്യമിടുന്നത്. അടിയന്തര സാഹചര്യങ്ങളിൽ ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് യാത്രക്കാരുടെ ആരോഗ്യനില മെച്ചപ്പെടുത്തുന്നതിനുള്ള സൗജന്യ ചികിത്സ ഇവിടെ ലഭ്യമാക്കും. ആശുപത്രി പ്രവേശനം ആവശ്യമുള്ളവരെ എയർപോർട്ടിന് അടുത്തുള്ള ബിഎംസിയിലേക്ക് മാറ്റും.
സായിദ് ഇന്റർനാഷണൽ എയർപോർട്ടിലെ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ബുർജീൽ ഹോൾഡിംഗ്സുമായും ബിഎംസിയുമായും പങ്കാളികളാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് അബുദാബി എയർപോർട്ട്സ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ എലീന സോർലിനി പറഞ്ഞു. വിമാനത്താളവത്തിലെത്തുന്ന യാത്രക്കാർക്ക് മികച്ച ആരോഗ്യ പരിചരണം ഉറപ്പാക്കുമെന്ന് ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ വ്യക്തമാക്കി.