കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരം – കണ്ണൂര്‍ ട്രയല്‍റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. തിരുവനന്തപുരത്തുനിന്ന് രാവിലെ 5.10 ന് കണ്ണൂരിലേക്ക് തിരിച്ച ട്രെയിന്‍ 12.20-ന് കണ്ണൂരിലെത്തി.
ഏഴ് മണിക്കൂർ ഒമ്പത് മിനുട്ട് പിന്നിട്ടാണ് ട്രെയിൻ കണ്ണൂരിലെത്തിയത്. ട്രെയിൻ എത്തിയതോടെ സ്വീകരിക്കാൻ ബിജെപി പ്രവർത്തകരും വിവിധ സംഘടനകളും സ്റ്റേഷനുകളിൽ എത്തിയിരുന്നു. വന്ദേഭാരത് കണ്ണൂരിലെത്തിയതോടെ ലോക്കോ പൈലറ്റുമാരെ ബിജെപിയും മറ്റ് സങ്കടനകളും ചേർന്ന് സ്വീകരിച്ചു.
കേരളത്തിൽ തിരുവനന്തപുരം – കണ്ണൂർ റൂട്ടിലോടുന്ന മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് വന്ദേഭാരത് വേഗതയിൽ ഒന്നാമതാണ്. നിലവിൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്തിച്ചേരുന്ന ഏറ്റവും വേഗത കൂടിയ ട്രെയിൻ രാജധാനി എക്സ്പ്രസാണ്. 7.15 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന രാജധാനി എക്സ്പ്രസ് പുലർച്ചെ 3.12ന് കണ്ണൂരിലെത്തും. എട്ട് മണിക്കൂറോളം സമയമെടുത്താണ് ട്രെയിൻ കണ്ണൂരിലെത്തുന്നത്. എന്നാൽ രാജധാനിയേക്കാൾ ഒരു മണിക്കൂർ നേരത്തെ വന്ദേഭാരത് പരിക്ഷണയോട്ടത്തിൽ കണ്ണൂരിലെത്തി. ഇനി ഒന്നോ രണ്ടോ പരീക്ഷണ ഓട്ടം കൂടി നടന്നേക്കും. അപ്പോഴേക്കും സ്റ്റോപ്പുകള്‍ നിശ്ചയിച്ച് കുറച്ചുകൂടി സമയലാഭം നേടാന്‍ കഴിഞ്ഞേക്കും. ചുരുക്കത്തില്‍ വന്ദേഭാരതില്‍ ഏഴ് മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം-കണ്ണൂര്‍ യാത്ര സാധ്യമായേക്കും.