യുഎഇയുടെ ട്രാവൽ ആൻഡ് ടൂറിസം മേഖല ഈ വർഷം ഏറ്റവും ഉയർന്ന നിലയിലെത്തുമെന്ന് നിഗമനം. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ദുബായിലേക്കും അബുദാബിയിലേക്കും എത്തുന്ന വിദേശ സഞ്ചാരികളുടെ വർദ്ധനവാണ് അനുകൂല ഘടകം. 2023 ൽ എമിറേറ്റിൻ്റെ സമ്പദ്‌വ്യവസ്ഥയിലേക്ക് 180.6 ബില്യൺ ദിർഹം സംഭാവന ചെയ്യുമെന്നും 2019 റെക്കോർഡ് മറികടക്കുമെന്നുമാണ് വിലയിരുത്തൽ.
യുഎഇയിലെ സമ്പദ്‌വ്യവസ്ഥയുടെ ഏകദേശം 10 ശതമാനം ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽനിന്നാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ കൂടുതൽ തൊഴിലവസരങ്ങളും ടൂറിസം മേഖലയിലുണ്ടാകും. ഈ വർഷം ട്രാവൽ, ടൂറിസം മേഖല 7,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കണക്കുകൂട്ടൽ. പ്രവചിക്കുന്നു, കോവിഡിന് മുമ്പ് 745,100-നെ മറികടന്ന് ട്രാവൽ, ടൂറിസം കമ്പനികളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം 758,000-ൽ അധികം എത്തുമെന്നാണ് സൂചന.
വിനോദ സഞ്ചാരത്തിനെത്തുന്നവർക്ക് പുറമെ വിമാനത്താവളങ്ങൾ വഴി കടന്നുപോകുന്ന യാത്രക്കാരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. ദുബായ് ഇൻ്റർനാഷണൽ (DXB) എർപോർട്ടിൽ യാത്രക്കാരുടെ എണ്ണം 2022-ൽ ഇരട്ടി വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇത് 2023 ൽ 78 ദശലക്ഷം യാത്രക്കാരിലെത്തുമെന്നാണ് പ്രതീക്ഷ. യുഎഇ സമ്പദ്‌വ്യവസ്ഥയുടെ 10.2 ശതമാനത്തെ പ്രതിനിധീകരിക്കുന്ന ട്രാവൽ, ടൂറിസം മേഖലയുടെ ജിഡിപി സംഭാവന 2033-ഓടെ 235.5 ബില്യൺ ദിർഹമായി വളരുമെന്നാണ് ആഗോള ടൂറിസം ബോഡിയുടെ പ്രവചനം.