സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞും യുഎഇയില്‍ തുടരുന്നവര്‍ക്കെതിരേ ഒളിച്ചോട്ട കേസുകൾ ഫയല്‍ ചെയ്യുന്നത് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകൾ. ട്രാവൽ ഏജൻസികളും ടൂർ ഓപ്പറേറ്റർമാരുമാണ് കാലതാമസമില്ലാതെ കേസുകൾ ഫയല്‍ ചെയ്യുന്നത്.
വിസ കാലാവധി കഴിഞ്ഞ് അഞ്ച് ദിവസത്തിനുളളില്‍ രാജ്യത്തിന് പുറത്തെത്തിയില്ലെങ്കില്‍ അധികതാമസക്കാര് കരിമ്പട്ടികയില്പ്പെടുമെന്നും യുഎഇയിലേക്കോ മറ്റ് ജിസിസി രാജ്യങ്ങളിലേക്കോ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുമെന്നും ചില ഏജന്റുമാർ പറയുന്നു. വിസ കാലാവധി കഴിഞ്ഞ് ഒരു ദിവസം നീണ്ടാലും ഒളിച്ചോട്ട പരിധിയില്‍ വരുമെന്നാണ് മുന്നറിയിപ്പ്.
കാലാവധി കഴിയുംമുമ്പ് വിസ പരിധി നീട്ടുകയൊ അല്ലെങ്കിൽ സമയപരിധിക്കുളളില്‍ രാജ്യം വിടുകയൊ ചെയ്യണമെന്നും ഏജന്റുമാര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട ട്രാവൽ ഏജൻസികളാണ് സർക്കുലറുകൾ പുറത്തിറക്കിയിട്ടുളളത്. ഇമിഗ്രേഷൻ അധികാരികളുടെ വിശദീകരണം അല്ലെന്നും ഏജന്റുമാര്‍ വ്യക്തമാക്കി.
സന്ദർശന വിസയിൽ യുഎഇയിലേക്ക് പോകുന്ന ഏതൊരു സന്ദർശകനും ഏജന്റുമാരുടെ സ്പോൺസർഷിപ്പിന് കീഴിലാണ്. സന്ദർശകൻ തന്റെ വിസ കാലാവധി കഴിഞ്ഞും തുടരുകയാണെങ്കില്‍ ഏജന്റുമാര്‍ കുഴപ്പത്തിലാവുകയും അധിക പിഴ അടയ്ക്കുകയും വേണം. ഏജന്‍സികളുടെ വിസ അപേക്ഷാ പോർട്ടലുകളും ബ്ലോക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ട്. ഇത്തരം സമ്മര്‍ദ്ദങ്ങൾ ഏറിയ പശ്ചാത്തലത്തിലാണ് ഏജന്റുമാര്‍ സുരക്ഷിതനീക്കം നടത്തുന്നത്.
അധിക പിഴ അടയ്ക്കേണ്ടിവന്നാല്‍ സന്ദര്‍ശകനില്‍ നിന്ന് ഈടാക്കുമെന്നും ഏജന്‍സികൾ പറയുന്നു. ഓവർസ്റ്റേ പിഴകളുടെ ചാർജുകൾ വര്‍ദ്ധിച്ചതും അധികമായി താമസിക്കുന്ന ഒരാൾക്ക് പിഴയ്ക്കൊപ്പം രാജ്യം വിടാൻ ഒരു ഔട്ട്പാസും വേണമെന്നതും വലിയ ഭാരമായി മാറുന്നെന്നും ഏജന്‍സികൾ സൂചിപ്പിച്ചു.