ദേശീയദിന അവധിയോട് അനുബന്ധിച്ച് നടത്തിയ പരിശോധനിയില്‍ നൂറുകണക്കിന് ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. 132 വാഹനങ്ങൾ കണ്ടുകെട്ടുകയും 4,697 പിഴ ചുമത്തുകയും ചെയ്തതായി ദുബായ് പോലീസിലെ ട്രാഫിക് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗ് ജുമാ ബിൻ സുവൈദാൻ വ്യക്തമാക്കി.
ഡിസംബർ 1 നും 3 നും ഇടയിലാണ് നിയമലംഘനങ്ങൾ കണ്ടെത്താന്‍ പരിശോധന നടത്തിയത്. ശബ്ദമലീനീകരണം, അശ്രദ്ധമായി വാഹനമോടിക്കല്‍, റോഡ് ഉപയോക്താക്കൾക്ക് അപകടമുണ്ടാക്കുക, വാഹനത്തിന്റെ നിറം മാറ്റുക, വാഹനങ്ങളില്‍നിന്ന് മാലിന്യം വലിച്ചെറിയുക, പെർമിറ്റ് ഇല്ലാതെ വാഹനങ്ങളിൽ സ്റ്റിക്കറുകൾ പതിക്കുക, രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾ ഓടിക്കുക തുടങ്ങി നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി.
ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടന്നത് ബർ ദുബായ് ഏരിയയിലാണെന്നും ദുബായ് പൊലീസ് പറയുന്നു. 72 വാഹനങ്ങൾ അവിടെനിന്ന് കണ്ടുകെട്ടി, ദെയ്‌റയിൽനിന്ന് 60 കാറുകൾ പിടിച്ചെടുത്തെന്നും പൊലീസ് പറഞ്ഞു. അവധിയോട് അനുബന്ധിച്ച് ഗതാഗത മുന്നറിയിപ്പുകൾ നല്‍കിയിരുന്നു. പട്രോളിംഗും ശക്തമാക്കിയിരുന്നു.