ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ഇന്ന് 41-ാം പിറന്നാൽ. ഭരണാധികാരികളും ജനങ്ങളും ഉൾപ്പെടെ നിരവധി പേരാണ് ഷെയ്ഖ് ഹംദാന് പിറന്നാൽ ആശംസ അറിയിച്ചുകൊണ്ടിരിക്കുന്നത്. ജനകീയമായ ഇടപെടലുകളിലൂടെയും കാര്യക്ഷമമായ ഭരണതീരുമാനങ്ങളിലൂടെയും ജനങ്ങളുടെ പ്രീതി പിടിച്ചുപറ്റിയ ഷെയ്ഖ് ഹംദാൻ ആരാധകർക്ക് വളരെ പ്രീയപ്പെട്ട വ്യക്തി കൂടിയാണ്. തന്റെ പിതാവും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനൊപ്പം ഭരണകാര്യങ്ങളിൽ ചുക്കാൻ പിടിക്കുന്ന ഷെയ്ഖ് ഹംദാൻ മികച്ച ഭരണാധികാരിയാണെന്ന് ഇതിനോടകം തെളിയിച്ചിട്ടുമുണ്ട്.
നൂതന പരിഷ്കാരങ്ങളിലൂടെ യുഎഇയുടെ വികസന പ്രവർത്തനങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുന്ന അദ്ദേഹം യുവാക്കൾക്ക് മികച്ച മാതൃക തന്നെയാണ്. ഒരു ഭരണാധികാരി എന്നതിനപ്പുറം നല്ലൊരു മനുഷ്യനായി ജീവിക്കുക എന്നതിന് പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങൾ തന്നെയാണ് അദ്ദേഹത്തെ ജനപ്രിയനാക്കി മാറ്റിയതും. സോഷ്യൽ മീഡിയയിൽ ദശലക്ഷങ്ങൾ ഫോളോ ചെയ്യുന്ന ഷെയ്ഖ് ഹംദാന്റെ ഫസ്സ എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടിന് നിലവിൽ 16.1 മില്യൺ ഫോളേവേഴ്സാണുള്ളത്. സാമൂഹിക പ്രതിബന്ധതയുള്ള കാര്യങ്ങളിൽ സദാശ്രദ്ധ പുലർത്തുന്ന അദ്ദേഹം സമൂഹത്തിന് വേണ്ടി ചെറുതെങ്കിലും, നന്മ ചെയ്യുന്നവരെ അഭിനന്ദിക്കാൻ ഒരിക്കലും മറക്കാറില്ല.
ആധുനികതയിലേയ്ക്കുള്ള യുഎഇയുടെ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുകയും കാര്യക്ഷമവും നയപരവുമായ സമീപനങ്ങൾ സ്വീകരിക്കുകയും ചെയ്യുന്ന അദ്ദേഹം മനുഷിക മൂല്യങ്ങൾക്ക് വളരെ വില കല്പിക്കുന്ന വ്യക്തി കൂടിയാണ്. മാസങ്ങൾക്ക് മുമ്പ് ഓട്ടിസം ബാധിതരായ കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി വിവിധ പദ്ധതികൾ നടപ്പിലാക്കാൻ മുന്നിട്ടിറങ്ങിയ അദ്ദേഹം ഓട്ടിസം ബാധിതരായ കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കാനും മറന്നില്ല. കൂടാതെ, രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി തന്റെ രാജകീയ പ്രൗഢി മറന്ന് സാധാരണക്കാർക്കൊപ്പം എന്നും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഷെയ്ഖ് ഹംദാൻ മികച്ചൊരു എഴുത്തുകാരൻ കൂടിയാണ്.
സാഹസിക പ്രവർത്തനങ്ങൾ ഇഷ്ടപ്പെടുന്ന അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കിടാറുള്ള യാത്രയുടെ ദൃശ്യങ്ങളും വീഡിയോകളും അതിവേഗം വൈറലാകാറുമുണ്ട്. ജനങ്ങൾക്ക് മികച്ച ജീവിത ശൈലി പ്രദാനം ചെയ്യുന്നതിന് മുന്നോടിയായി ഇപ്പോൾ യുഎഇയിൽ നടന്നുകൊണ്ടിരിക്കുന്ന ശ്രദ്ധേയമായ ഫിറ്റ്നസ് ചലഞ്ചിന്റെ തുടക്കക്കാരൻ കൂടിയാണ് ഷെയ്ഖ് ഹംദാൻ. യുഎഇയുടെ പാരമ്പര്യവും പൈതൃകവും പിന്തുടരുന്ന മികച്ച ഭരണാധികാരിയായ ഷെയ്ഖ് ഹംദാന് പിറന്നാൾ ആശംസകൾ.