ഒമാനിൽ അഞ്ചുവയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികളുടെ റസിഡന്റ് കാർഡ് ഇതുവരെ പുതുക്കിയിട്ടില്ലെങ്കിൽ പിഴ അടക്കേണ്ടി വരും. കാലാവധി കഴിഞ്ഞതിന് ശേഷം ഓരോമാസത്തിനും പത്ത് റിയാൽ വീതമായിരിക്കും പിഴയായി ഈടാക്കുക. കഴിഞ്ഞ ദിവസം കാർഡ് പുതുക്കാനായിപോയ പ്രവാസി കുടുംബത്തിൽനിന്ന് 80 റിയാലാണ് ഈടാക്കിയത്.
രാജ്യത്തെ പ്രവാസി കുടുംബങ്ങളുടെ കുട്ടികൾക്ക് പത്തുവയസ്സിനു മുകളിലാണ് റസിഡന്റ് കാർഡ് നിർബന്ധമുള്ളത്. എന്നാൽ, അഞ്ചുവയസ്സ് പ്രായമായവർക്ക് അപേക്ഷിക്കുന്ന മുറക്ക് റസിഡന്റ് കാർഡ് നൽകേണ്ടതുണ്ട്. സ്കൂളിൽ ചേർക്കുന്നതിനും മറ്റു ആവശ്യങ്ങൾക്കുമായാണ് പല പ്രവാസി രക്ഷിതാക്കളും കുട്ടികൾക്ക് റസിഡന്റ് കാർഡെടുക്കുന്നത്. സാധാരണ ഇങ്ങനെയെടുക്കുന്നവർ കാലാവധി കഴിഞ്ഞാലും റെസിഡന്റ് കാർഡ് പുതുക്കാറില്ല. ഇത്തരത്തിൽ കാർഡ് പുതുക്കാൻ വൈകിയാൽ വലിയ തുകയായിരിക്കും പലപ്പോഴും നൽകേണ്ടി വരുക.
അതേസമയം, പത്തുവയസ്സിനു മുകളിലുള്ള പ്രവാസി കുട്ടികൾ നിർബന്ധമായും റസിഡന്റ് കാർഡ് എടുത്തിരിക്കേണ്ടതാണെന്ന് റോയൽ ഒമാൻ പൊലീസ് അധികൃതർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. 15 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് മാത്രമാണ് റസിഡന്റ് കാർഡ് നിർബന്ധമുള്ളൂയെന്നാണ് പല പ്രവാസി രക്ഷിതാക്കളുടെയും ധാരണ. റസിഡന്റ് കാർഡ് എടുക്കാത്തപക്ഷം രക്ഷിതാവിന്റെ പേരിൽ പിഴ ചുമത്തും.
സുൽത്താനേറ്റിൽ താമസിക്കുന്ന ഓരോ പ്രവാസിയും രാജ്യത്തെത്തി 30 ദിവസത്തിനുള്ളിൽ റസിഡന്റ് കാർഡ് എടുത്തിരിക്കേണ്ടത് നിർബന്ധമാണ്. ഇത് 10 വയസ്സിനു മുകളിലുള്ള അവരുടെ കുട്ടികൾക്കും ബാധകമാണ്. വൈകുന്ന ഓരോ മാസത്തിനും പത്തു റിയാൽ പിഴയീടാക്കും. ഒറിജിനൽ പാസ്പോർട്ട്, മെഡിക്കൽ പരിശോധനക്കു ശേഷം തൊഴിൽ മന്ത്രാലയത്തിന്റെ ഫോമിന്റെ ഒറിജിനൽ, ജോലി ചെയ്യുന്ന കമ്പനിയിൽ നിന്നുള്ള കത്ത്, പകർപ്പുകൾ എന്നിവ സഹിതം പ്രവാസി ഡിപ്പാർട്ട്മെന്റ് സന്ദർശിച്ചാൽ മുതിർന്ന ഒരാൾക്ക് പുതിയ റസിഡന്റ് കാർഡ് സ്വന്തമാക്കാൻ കഴിയും. ഈ നിയമങ്ങളും നടപടിക്രമങ്ങളും രാജ്യത്ത് രണ്ട് വർഷമായി പ്രാബല്യത്തിൽ വന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യം പലർക്കും അറിയില്ല.