പൊലീസ് നിയന്ത്രണത്തിൽ പ്രതിഷേധിച്ച് ചരിത്രത്തിൽ ആദ്യമായി വെടിക്കെട്ട് താത്ക്കാലികമായി നിർത്തി. പിന്നീട് നടത്തിയത് പകൽവെളിച്ചത്തിൽ. രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണു പ്രകോപനമായത്. പുലർച്ചെ മൂന്നരയോടെ നടക്കേണ്ടിയിരുന്ന വെടിക്കെട്ടാണ് മണിക്കൂറുകൾ വൈകി നടന്നത്.
പൂരപറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ ആരോപിച്ചു. ഒടുവിൽ മന്ത്രി കെ രാജൻ, കളക്ടർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഘാടകരുമായി നടന്ന ചർച്ചയിലാണ് പൂരം പുനഃരാരംഭിക്കാനും വെടിക്കെട്ട് നടത്താനും തീരുമാനിച്ചത്.
തൃശൂർ പൂരം തിരുവമ്പാടി വിഭാഗത്തിൻ്റെ വെടിക്കെട്ടും രാവിടെ എട്ടരയോടെ പൂർത്തിയായി. പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് കഴിഞ്ഞ് അരമണിക്കൂറിന് ശേഷമാണ് തിരുവമ്പാടിയുടെ വെടിക്കെട്ട് നടന്നത്. വെളിച്ചം വീണ ശേഷം വെടിക്കെട്ട് നടത്തിയതിനാൽ പൂരപ്രേമികൾ നിരാശയിലായി.
വെടിക്കെട്ട് ആരംഭിക്കുന്നതിന് മണിക്കൂറുകൾ മുന്നേ റോഡ് അടച്ച് ബാരിക്കേഡുകൾ സ്ഥാപിച്ചത് പൊലീസും ആളുകളും തമ്മിലുള്ള തർക്കത്തിനിടയാക്കി. ഇത് സംബന്ധിച്ച് പൊലീസ് കമ്മീഷണർ അങ്കിത് അശോകും ദേശക്കാരും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. വെടിക്കെട്ടിന് 40 പണിക്കാരെ മാത്രമെ ഉപയോഗിക്കാനാവൂ എന്ന നിർദേശവും കമ്മിറ്റിക്കാരെ ഇവിടേക്ക് കടത്തിവിടില്ലെന്നും പൊലീസ് അറിയിച്ചതും പ്രതിഷേധത്തിനിടയാക്കി.